നടക്കുന്നതിന് ഇടയിൽ മീര ആരോടെന്നില്ലാതെ പറഞ്ഞു… അവിടേക്കു പോയപ്പോൾ പാലിച്ച അകലമൊന്നും തിരിച്ചു നടന്നപ്പോൾ കവലയിൽ വെച്ചവൾ പാലിച്ചില്ലാ… അവളുടെ മനസ്സിൽ മുഴുവനതിലും വലിയ കാര്യങ്ങളായിരുന്നു…
“എടി……. കുഞ്ഞിപെണ്ണേ….”
ഒരു കടയുടെ മുന്നിലിരുന്നു ബീഡി വലിക്കുന്ന അയ്യപ്പൻ മീരയെ കണ്ടപ്പോൾ ഉറക്കെ വിളിച്ചിട്ടു അടുത്തേക്കു നടന്നു വന്നു…
“മാരണം…“
അയാൾ വരുന്നത് കണ്ടപ്പോൾ മീര എനിക്കു കേൾക്കുവാൻ പറ്റുന്നത്ര ശബ്ദത്തിൽ പറഞ്ഞു..
”നീയെന്താടി ഇതുവഴി…“
അയാൾ അടുത്തു വന്ന് അവളെ ഒന്ന് കാലു തൊട്ട് തല വരെ നോക്കി പറഞ്ഞു…
”അതെന്താ… ഈ വഴി നടക്കാൻ പറ്റില്ലേ…“
”നീ ചൂടാവാതെടി കുഞ്ഞി പെണ്ണേ… നിന്നെയൊന്ന് കാണാൻ ഇരിക്കുവാരുന്നു… ഇതിപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി…“
ഞങ്ങൾക്ക് മുന്നിലായി കയറി നിന്ന് അയാൾ പറഞ്ഞു…
”എനിക്കു പോണം… ഇയാള് വഴി മാറിക്കെ…“
മീര ക്രാധത്തിൽ പറഞ്ഞു…
”മീനാക്ഷിയുടെ കാര്യത്തിൽ എനിക്കൊരു തീരുമാനമറിയണം…. നിന്റെ തന്തയോ ചത്തു പോയി… തള്ളക്കണേൽ ചെവിയും കേൾക്കില്ലാ… അപ്പോൾ പിന്നെ നിന്നോടല്ലേ പറയാൻ പറ്റു…“
”നാണമില്ലല്ലോ തനിക്ക്…. മോളുടെ പ്രായമുള്ള പെണ്ണിന്റെ പുറകെ നടക്കാൻ… മാറടോ…“
അയാളുടെ വശത്തുകൂടെ മുന്നിലോട്ട് നടക്കാൻ നോക്കിയ മീരയുടെ കൈയിലയാൾ കയറി പിടിച്ചു…
”വെറുതെ അല്ലെടി പെണ്ണേ…. നിന്റെ ചേച്ചിയെ കാണിച്ചു കൊതിപ്പിച്ചു ചത്തു പോയ നിന്റെ തന്തയീ അയ്യപ്പന്റെ കൈയിൽ നിന്നും കുറേ വാങ്ങി നക്കിയിട്ടുണ്ടെടി…“