അവൾ തിരിഞ്ഞു നടക്കുമ്പോൾ പറഞ്ഞു… അന്ന് ഞാൻ ഷീണം കൊണ്ട് ബാക്കി സമയം മുഴുവൻ മുറിയിലായിരുന്നു ചിലവഴിച്ചത്… ഇടക്കു ഉഷാമ്മ വന്ന് നോക്കി പോയെങ്കിലും ഒന്നും പറഞ്ഞില്ല… രണ്ടു ദിവസം ഞാൻ മില്ലിലും ഒന്നും പോയില്ലാ… മീരയോട് സംസാരിക്കാനും അവസരങ്ങളൊന്നും കിട്ടിയില്ല… പണ്ട് ദിവസം മൂന്നു നേരം പത്തായ പുരയുടെ അവിടേക്കു നടന്നിരുന്ന മീനാക്ഷിയെ ഇപ്പോൾ പുറത്തേക്കേ കാണാനില്ലായിരുന്നു… സുധി പിന്നെ ഒരിക്കലും തറവാട്ടിലേക്കു വന്നില്ലാ… കുറച്ചു ദിവസം കഴിഞ്ഞു ഒരു തിങ്കളാഴ്ച്ച വാസു ചേട്ടൻ അപ്രതീക്ഷിതമായി വീട്ടിലേക്കു വടി കുത്തി വന്നു… പുള്ളിയെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ ഞാൻ ഉമ്മറത്തു പോയി നിന്നു കാര്യം അറിയാൻ…
വാസുവിനെ കണ്ടപ്പോൾ വായിൽ കിടന്ന മുറുക്കാനൊരു കൊളാമ്പിയിൽ തുപ്പിയിട്ടു അച്ഛമ്മ തിരക്കി,
“എന്താ വാസു…. ഇപ്പോൾ നിന്റെ മോനെ കാണുന്നില്ല… വല്ല ദീനവുമാണോ…”
“അല്ല… അവനൊരു കല്യാണം ഞാനങ്ങു ഉറപ്പിച്ചു… ആദ്യത്തെ പത്രം ഇവിടെ തന്നെ തരണമെന്ന് തോന്നി… ഇവിടുത്തെ കഞ്ഞി കുറേ കുടിച്ചത് അല്ലേ ഞാൻ…”
അത് പറയുമ്പോൾ വാസു ചേട്ടന്റെ ശബ്ദത്തിലെ അമർഷമെത്ര ഒളിപ്പിച്ചു വെച്ചെങ്കിലും ഒരൽപ്പം പുറത്തു വന്നു…. പക്ഷെ അച്ഛമ്മക്ക് അത് മനസ്സിലായില്ല എന്ന് തോന്നി… ഇത് കേട്ട ഞാൻ ശെരിക്കും ഞെട്ടി… സുധിക്കു വേറെ കല്യാണമോ… അപ്പോൾ മീനാക്ഷി… ഇതിനു സുധി സമ്മതിച്ചോ…
“എവിടെയൊള്ള പെണ്ണാ…..”
അച്ഛമ്മ തിരക്കി….
“കുറച്ചു തെക്കു നിന്നാ…. വകയിലൊരു ബന്ധുവാ… പെട്ടന്നു അങ്ങ് ഉറപ്പിച്ചു…”