എന്റെ മുന്നിലോട്ടു നടന്നു നീങ്ങുമ്പോൾ അവൾ മൊഴിഞ്ഞു..
ഏതായാലും വേണ്ടുകേല, ഇപ്പോൾ പെണ്ണ് സംസാരിക്കുനെങ്കിലുമുണ്ടല്ലോ… അതു തന്നെ ധാരാളം.. അവളുടെ പിന്നിയിട്ട മുടി ഘടികാരത്തിന്റെ തൂക്ക് മണിപോലെ നടത്തത്തിനു അനുസരിച്ച് ആടികൊണ്ടിരുന്നു.. അവളുടെ തൊട്ടു പുറകിലായി ഞാൻ നടക്കുമ്പോളെന്റെ മുഖത്തൊരു പൊട്ടൻ ചിരിയുണ്ടായിരുന്നു.. എങ്ങനെ ചിരി വരാതിരിക്കും, അമ്മയെ നഷ്ട്ടമായി ജീവിതത്തിൽ ഇനി എന്തെന്ന് ഓർത്തു ഇരുന്നടത്തു നിന്നും ഇന്ന് രാവും പകലും ചിന്ത മുഴുവൻ ഇവളെ സ്വന്തമാക്കണം എന്നതു മാത്രമായി..
തറവാട്ടിലേക്കു കേറുന്ന വഴി എത്തിയപ്പോൾ ഒരു ജീപ്പ് ഞങ്ങക്ക് തൊട്ടു മുന്നിലായി വന്നു നിന്നു.. മീരയെ തന്നെ നോക്കി നടക്കുന്ന ഞാൻ ജീപ്പ് മുന്നിൽ വന്നു നിന്നപ്പോൾ ആണ് അതു കണ്ടത്.. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു മുപ്പത്തഞ്ചു വയസ്സ് തോനിക്കുന്ന പുരുഷൻ ഇറങ്ങി.. കാപ്പിപൊടി നിറത്തിലുള്ള ഷർട്ടും, മടക്കി കുത്തിയ വെള്ള മുണ്ടുമാണ് ആളുടെ വേഷം.. തലയിലൊരു ചുമന്ന തോർത്തും കെട്ടിയിട്ടുണ്ട്… നല്ല ഒത്ത ഉയരവും വണ്ണവും കുടവയറുമൊണ്ട് ആൾക്ക്, നെറ്റിയിലായി ഉണങ്ങി വരുന്നൊരു വലിയ മുറുവും… വണ്ടിയിൽ അയാൾ ഇറങ്ങി നിന്നു മീരയെ നോക്കി ഒന്ന് ചിരിച്ചു.. അപ്പോൾ പരിചയമുള്ള ആളാവുമെന്ന് ഞാൻ ഊഹിച്ചു..
“കുഞ്ഞിപ്പെണ്ണേ… എടി നീയങ്ങു വളർന്നു വല്യ പെണ്ണായല്ലോ…”
അയാളു മീരയെ നോക്കി അതിശയത്തോടെ പറഞ്ഞു… മീര അതിനു മറുപടിയൊന്നും പറഞ്ഞില്ല… എന്റെ മുന്നിലായി നിന്ന അവളുടെ മുഖത്തു കോപമാണോ, ആയിരിക്കണമെന്ന് അവളുടെ നിൽപ്പിന്റെ ആകൃതി കണ്ടു ഞാൻ കണക്കാക്കി..