“വളർന്നു…. മിടുക്കനായി…”
അത് മാത്രം പറഞ്ഞുകൊണ്ടയാൾ വീണ്ടും മുന്നോട്ടു ചലിച്ചു… അമ്മ പറഞ്ഞു തന്ന കഥകളിൽ എന്നെ എടുത്തു തോളത്തു വെച്ചുകൊണ്ട് പാടത്തും വയമ്പിലുമെല്ലാം ഓടി നടന്ന മനുഷ്യനാണ് ഇന്നീ അവസ്ഥയിൽ…. അവര് തറവാടിന്റെ മുന്നിൽ എത്തുന്നത് നോക്കി ഞാൻ വഴിയിൽ തന്നെ നിന്നു…
വാസു ഉമ്മറത്തിന്റെ ചുവടുകളിൽ ഇരുന്നു… കുറച്ചു പുറകിലായി സുധിയും കൈ കെട്ടി നിന്നു.. ദൂരെ നിന്നും എനിക്കു സംസാരം കേൾക്കാൻ പറ്റുന്നില്ലായിരുന്നു… പക്ഷെ അച്ഛമ്മയുടെ മുഖത്തെ ഭാവം മാറുന്നത് ദൂരെ നിന്നും വെക്തമായി കാണാമായിരുന്നു… ഞാൻ നടന്ന് അവരുടെ അടുത്തേക്കു നടന്നു…
“വാസു…. നീ കുറേ കാലം ഇവിടുത്തെ കഞ്ഞി കുടിച്ചതല്ലേ…”
അച്ഛമ്മ അയാളോടു ചോദിച്ചു…
“ഉവ്വ തമ്പുരാട്ടി…”
അച്ഛമ്മ പറയുന്നത് കേൾക്കാൻ അയാൾ ചെവിക്കു അരികിലായി കൈ ചേർത്തുവെച്ചു കേട്ടുകൊണ്ട് പറഞ്ഞു….
“ഇവിടെ വന്ന് പെണ്ണ് പോയിട്ടൊരു കന്ന് ചോദിക്കാൻ മാത്രമെങ്കിലും നീ വളർന്നോ വാസു..”
ചൂരൽ കസേരയിൽ ചാരി ഇരുന്നു അച്ഛമ്മ ചോദിച്ചപ്പോൾ അയാൾക്കു മറുപടി ഇല്ലായിരുന്നു..
“എനിക്കു നല്ല നിശ്ചയമുണ്ട് ഇന്നത്തെ കാലത്തെ പിള്ളേർക്ക് ഇങ്ങനുള്ള കുറേ അബത്ത ചിന്തകൾ ഉണ്ടനൊക്കെ…. പക്ഷെ നിനക്കു കുറച്ചു ബോധം വേണ്ടേ വാസുവെ…”
അച്ഛമ്മ തുടർന്നു… അതിനും വാസു മറുപടിയൊന്നും പറഞ്ഞില്ല…
“ഏതായാലും പോട്ടെ… നീയൊരു വീട്ടിത്തം ചോദിച്ചു… ഞാനതങ്ങു പൊറുത്തു… ചെക്കനോട് നാളെ ജോലിക്കു വരാൻ പറ… കൊയ്ത്തു നടക്കുവല്ലേ…”