“സിഗരറ്റ് ഉണ്ടോ ചേട്ടാ…”
ഞാൻ കടയുടെ മുന്നില്ലേക്കു നീങ്ങി ചോദിച്ചു..
“ഇല്ലാ… ബീഡി വേണേൽ ഉണ്ട്..”
തോളിൽ കിടന്ന തോർത്തിൽ കൈ തുടച്ചു പുള്ളി പറഞ്ഞു..
“മതി… ഒരു കെട്ട് തന്നേഴേ….”
ഞാൻ പറഞ്ഞപ്പോൾ അയാൾ ഒരു കെട്ട് ബീഡി എനിക്കു എടുത്ത് നീട്ടി..
“കൊച്ചെവിടുത്തെയാ…”
“ചിറ്റില്ലത്തിലെ…”
“ചിറ്റില്ലത്തിലെ ആരുടെ മോൻ…”
“മുരളിയുടെ…”
“ഓ… അതു ശെരി… മോനിരീക്ക് ഞാനൊരു ചായ എടുക്കാം…”
“വേണ്ട….”
“എന്റെ ഒരു സന്തോഷത്തിനാ… ഞാൻ പെട്ടന്നു എടുക്കാം…”
“വേണ്ടാഞ്ഞിട്ട… ചായ കുടി പതിവില്ലാ…”
“ചായ കുടി പതിവില്ലാ… പക്ഷെ ബീഡി വലി ഉണ്ടല്ലേ… ആരേലും അറിഞ്ഞാൽ മോശമല്ലേ കുട്ടി..”
“അയ്യോ… ചേട്ടൻ ആരോടും പറയേണ്ട..”
“ഞാനാരോടും പറയില്ലാ..”
അയാളെന്നെ നോക്കി മുറുക്കി ദ്രവിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…
കടയില്ലേക്കു കറുത്ത മുണ്ടുടുത്ത വേറൊരു യുവാവ് വന്നു.. അയാളെന്നെ ശ്രദ്ധിക്കാതെ ഒരു ബീഡി വാങ്ങി ചുണ്ടിൽ വെച്ചു കത്തിച്ചു…
“ഇത് ചിറ്റില്ലത്തിലെ മുരളിയേട്ടന്റെ ചെറുക്കനാ…”
എന്നെ കാണിച്ച് കടകാരൻ യുവാവിനോടു പറഞ്ഞു…
ആവൻ എന്നെ ഒന്ന് നോക്കി മൂളിയിട്ടു അവിടെ നിന്നും തിരിച്ചു നടന്നു പോയി..
“ഇപ്പോഴത്തെ പിള്ളാർക്ക് വെല്ലോം അറിയാവോ… പണ്ടീ കാണുന്ന ഗ്രാമം മുഴുവൻ ചിറ്റില്ലത്തിലെ പണിക്കാര് താമസ്സിക്കുന്നതിനു മോന്റെ വീട്ടുകാര് വെറുതെ കൊടുത്തതാ… ഇപ്പോൾ കാലം മാറിയില്ലേ… കമ്മ്യൂണിസ്റ്റ് അല്ലേ എല്ലാവരും… എന്ത് തമ്പുരാൻ… എന്ത് കുടിയാൻ… പക്ഷെ ഞങ്ങളു വയസ്സന്മാര് അതൊന്നും മറക്കുകേല…. ട്ടോ…“