“ആം…”
“അങ്ങനെ കുറേ കുരുട്ടു ബുദ്ധി ഉണ്ടായിരുന്നേൽ തന്നെ ഞാൻ എപ്പോഴേ വളച്ചേന്നേം…”
“ഇയാൾക്കു സഹായിക്കാൻ പറ്റുവാണേൽ ചേയ്…. അല്ല പിന്നെ…”
അതും മൊഴിഞ്ഞു ക്ഷമ നശിച്ച് മുറിയിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ മീരയുടെ കൈയിൽ കേറി ഞാൻ പിടിച്ചു..
“വിടെടോ… എന്താ ഇത്…”
“ഞാനൊരു വഴി ആലോചിക്കാം… പക്ഷെ കഷ്ടപെട്ട് ഒരു വഴി ആലോചിച്ചു നടത്തിയെടുത്താൽ എന്നെക്കുറിച്ചുള്ള തന്റെ മോശമഭിപ്രായം മാറുമോ…”
“നോക്കാം…”
എന്റെ കൈയിൽ നിന്നും അവളുടെ കൈ മോചിപ്പിച്ചു നടന്നകലുമ്പോൾ പതിയെ പറഞ്ഞു… ഇനി എന്ത് വഴി ആലോചിക്കും, രണ്ടുപേരെയും ഇവിടുനൊന്ന് മാറ്റണമെങ്കിൽ… ഉഷാമ്മയോട് ഏതായാലും കാര്യം പറയാതെ പറ്റുവേല… ഞാൻ അവിടെ നിന്നും അച്ഛന്റെ മുറിയിൽ ചെന്നു നോക്കിയപ്പോൾ ഉഷാമ്മ കുറച്ചു വസ്ത്രങ്ങൾക്ക് ഇസ്തിരിയിട്ടുകൊണ്ട് നിൽപ്പായിരുന്നു…
“മോന്റെ തുണി എന്തേലും തേക്കാനുണ്ടേൽ തന്നോ…”
എന്നെ കണ്ടപ്പോൾ അവര് പറഞ്ഞു.. ഞാൻ അടുത്തേക്കു ചെന്നു നിന്നു..
“ഉഷാമ്മേ… ഞാനൊരു കാര്യം പറയാൻ വന്നതാ..”
“മുഖവര ഇല്ലാതെ പറയെടാ ചെക്കാ…”
ഉഷാമ്മ കൈയിലിരുന്ന ഇസ്തിരി പെട്ടി മാറ്റി വെച്ച് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഞാൻ പറയാൻ പോവുന്ന കാര്യം ഉഷാമ്മ ആരോടും പറയെല്ലു കേട്ടോ…”
“ഇല്ലടാ… നീ പറഞ്ഞോ…”
“നമ്മുടെ മീനാക്ഷി സുധിയുമായി അടുപ്പത്തിലാ…”
“നിന്നോടിതു ആരാ മോനെ പറഞ്ഞേ….”