ഞാൻ ഓടുകയാണ്…. എന്റെ ഒരു കൈയിൽ ഞാനാരെയോ വലിച്ചു കൊണ്ടാണ് ഓടുന്നത്… മുണ്ടും ഷർട്ടുമല്ല വേഷം… പാട്ടിന്റെ മേൽ കുപ്പായവും കാലുകളോട് വട്ടം ചുറ്റി കെട്ടിയ മുണ്ടുമാണ് ഞാൻ ധരിച്ചിരിക്കുന്നത്… പതിവിലും കൂടുതൽ രോമവും മാംസപേശികളുമെന്റെ കൈയിൽ കാണാം… ഞാനൊരു മലയിലൂടെ ഓടുകയാണ്, അത് ഇന്ന് ഞാൻ പോയ മല തന്നെയാണ്… എന്റെ വലം കൈകൊണ്ടു ഞാനൊരു പെട്ടി നെഞ്ചിനോട് ചേർത്തു പിടിച്ചിരിക്കുന്നു.. അരയിൽ എന്തോ കിടപ്പുണ്ട്, അത് ഉറയിൽ കിടക്കുന്നൊരു വാളാണ്.. ഇടം കൈയിൽ ഞാൻ ആരുടെ കൈയാണ് പിടിച്ചിരിക്കുന്നത്… മീരയുടെ ആണോ, അല്ലാ… മീരയുടെ കൈകൾക്ക് ഇതിലും കൂടുതൽ നിരമുണ്ട്. ഞാൻ മലയുടെ മുകളിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി… മലയിടുപ്പിനു താഴെ ഞാൻ കണ്ടത്രയും വീടുകളില്ല… പത്തോളം ചെറിയ പുൽ കൂരകൾ മാത്രമാണ് അവിടെ ഉള്ളത്, അതി രാവിലെ ആണ് സമയം… ഇരുട്ടിന്റെ പൊയ്മുഖം പൂർണമായും നീക്കം ചെയ്യ പെട്ടിട്ടില്ലാ… ഞാൻ ക്ഷീണിച്ചു തളർന്നിട്ടുണ്ട്… വീണ്ടും മുന്നോട്ട് ഓടി… ഇന്ന് കണ്ട ഗുഹയുടെ മുന്നിലെത്തി, അതിന്റെ മുന്നിൽ കല്ല് വിളക്കോ പൂജാ വസ്തുക്കള്ളോ ഒന്നുമില്ലാ… മുഴുവൻ കാടു പിടിച്ചു നിൽക്കുന്നു, ഒരാളുടെ അരയൊപ്പം ഉയരമുള്ള പുൽ ചെടികൾ… ഞാൻ അതിനെ വളഞ്ഞു മാറ്റി മുന്നോട്ടു നീങ്ങി ഗുഹയിൽ കയറി… ഞാൻ കിതക്കുകയാണ്.. എന്റെ തോളിൽ ആരുടെയോ കൈ വന്ന് പതിച്ചു, അവരും കിതക്കുന്നുണ്ട്… അവരുടെ ചുടു നിശ്വാസമെന്റെ തലനാരുകളെ തഴുകി കഴുത്തിലെത്തി…