“നീ പേടിക്കേണ്ട അവിടെ എല്ലാം സെറ്റാണ്..”
“അല്ല.. അവിടെ എനിക്കൊരു പരിചയവും ഇല്ലാത്ത സ്ഥലമാ..”
“ഹാ അതൊന്നും നീ ആലോചിക്കേണ്ട.. ഞാൻ നോക്കിക്കോളാം.”
അവളൊന്നും മിണ്ടാതെ എന്തോ ആലോചിച്ചു.
“ഡീ എനിക്ക് പെട്ടന്ന് എറണാകുളം വിടാൻ പറ്റില്ലല്ലോ.. ഈ പണി പെട്ടന്ന് നിർത്തിയാൽ തല പോകും.. അപ്പോൾ പതിയെ നിർത്തണം അല്ലെങ്കിൽ ശക്തമായ ഒരു കാരണം വേണം.”
സമീറ എന്നെ നോക്കി അവളുടെ കണ്ണുകളിൽ ഭയം ഉടലെടുക്കുന്നത് ഞാൻ കണ്ടു..
“ഹാ പേടിക്കേണ്ട മോളെ.. അത്ര പെട്ടന്ന് ഒന്നും ഈ തല പോകില്ല. പിന്നെ നിനക്ക് അവിടെ ചെന്നാൽ ചെയ്യാനുള്ളത് ഒക്കെ ഈ ആഴ്ച തന്നെ റെഡിയാകും. നമുക്ക് അടുത്ത ആഴ്ച അവിടെ വരെയും പോകേണ്ടി വരും.”
“എന്തിന്?”
“അവിടെ ഒരു ബുട്ടീക്യും, അതിനോട് ചേർന്നുള്ള ചെറിയൊരു സ്റ്റിച്ചിങ് യൂണിറ്റും ഞാൻ നിന്റെ പേരിൽ വാങ്ങി. അതിന്റെ രെജിസ്ട്രേഷൻ നടത്തണം.. പിന്നെ നാട്ടുകാരെയും, സർക്കാരിനെയും കാണിക്കാൻ ഒരു ബിസിനസ് ലോൺ കൂടി തല്ലിക്കൂട്ടണം അതിന്റെ കൂടെ.. അതിനു നിന്റെ കുറേ ഒപ്പുകൾ വേണം.. പേപ്പർ വർക്ക് ഒക്കെ കഴിഞ്ഞു.. ”
സമീറ കണ്ണ് മിഴിച്ചു വിശ്വാസം വരാത്ത പോലെ നോക്കി.
“എന്താടി കണ്ണ് മിഴിക്കുന്നത്.. നീ പറഞ്ഞില്ലേ നിനക്ക് പേടി കൂടാതെ ഈ പണിയൊക്കെ വിട്ട് ജീവിക്കണമെന്ന്.. അതിനാ ഇതൊക്കെ.. ” ഞാൻ അവളെ പുഞ്ചിരിയോടെ നോക്കി.
“അജൂ..”അവളുടെ കണ്ണിൽ ഒരു നീർ തിരയിളക്കം.
“ഹാ.. സെന്റിയടിക്കല്ലേ മോളെ.. ഇതിനൊക്കെ നീ നല്ല വില തരേണ്ടി വരും..”