അവളുടെ കാല് പിടിച്ചിട്ടായാലും അവളെ പോകാൻ സമ്മതിക്കരുത്.
അവൾ തന്നെ വിട്ട് പോയാൽ അതിൽ ഭേദം മരണമാണ്..
വീട്ട് കാരെ എന്തേലും പറഞ്ഞ് ഒതുക്കാമെങ്കിലും ഇവിടെയത് പറ്റില്ല..
അവരുടെ കർക്കശക്കാരനായ മാനേജരാണ് താൻ..ആ തന്റെ ഭാര്യ വിവാഹം കഴിഞ്ഞ് ഒരാഴ്ചയായപ്പോഴേക്കും തന്നെ ഇട്ടിട്ട് പോയി എന്നവരറിഞ്ഞാൽ പിന്നെ തന്നെ എന്തിന് കൊള്ളാം…?..
പ്രശാന്ത് മുറിക്ക് പുറത്തിറങ്ങി..
മുറിയിൽ നിന്ന് വരുന്ന വെളിച്ചത്തിൽ ഹാളിലെ സെറ്റിയിലിരിക്കുന്ന ഐശ്വര്യയെ അവൻ കണ്ടു..
ഹാളിൽ മങ്ങിയ വെളിച്ചമേയുള്ളൂ..
അത് നന്നായെന്ന് അവന് തോന്നി..
ഐശ്വര്യ അവനെ കണ്ട ഭാവം കാണിച്ചില്ല..അവൾ കണ്ണടച്ചിരുന്നു..
നേരം വെളുത്താ എന്തായാലും വീട്ടിലേക്ക് പോകാൻ അവളുറപ്പിച്ചിരുന്നു..
അതിനിനി എന്ത് പ്രശ്നം വന്നാലും വേണ്ടില്ല… തന്റെ വീട്ടിൽ താൻ കാര്യങ്ങൾ തുറന്ന് തന്നെ പറയും.. അവന്റെ വീട്ട്കാരെ അവൻ നോക്കിക്കോട്ടെ…
കാലിൽ തണുത്തൊരു സ്പർശമറിഞ്ഞ് ഐശ്വര്യ കണ്ണ് തുറന്നു..
പെട്ടെന്ന് കാല് വലിക്കാൻ നോക്കിയ അവളെ അതിന് സമ്മതിക്കാതെ പ്രശാന്ത് അവളുടെ രണ്ട് കാലിലും കെട്ടിപ്പിടിച്ചു..
“” ശെ.. വിട് മനുഷ്യാ… “
അവൾ കാല് കുടഞ്ഞു..
അവൻ വിട്ടില്ല..
“ഐശൂ… മാപ്പ്…
ഇത് പറയാൻ ഞാനൊരു പാട് തവണ ഒരുങ്ങിയതാ… പറ്റിയില്ല…
തെറ്റെന്റെ ഭാഗത്ത് തന്നാ…
നിന്നെ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ ചതിച്ചത്…
എന്റമ്മയോടോ, ഏട്ടത്തിയോടോ, നിന്നോടോ ഇത് തുറന്ന് പറഞ്ഞ് ഈ കല്യാണത്തിൽ നിന്ന് പിൻമാറാൻ ഞാനൊരു പാട് വട്ടം ഒരുങ്ങിയതാ… നിന്നെ വിളിക്കുമ്പോഴൊക്കെ ഇത് പറയണമെന്ന് കരുതിയതാ…
കഴിഞ്ഞില്ല… മാപ്പ്… “