അര മണിക്കൂറിനുള്ളിൽ ടാക്സി ഡ്രൈവറുടെ ഫോണിൽ നിന്നും ഒരു തവണ കൂടി ജയയ്ക്ക് ശരണ്യയുടെ കോൾ വന്നു…
അവൾ എത്താറായിരുന്നു…
ലൊക്കേഷനും വീടും ഡ്രൈവർക്ക് പറഞ്ഞു കൊടുത്തിട്ട് ജയ കിച്ചണിലേക്ക് നീങ്ങി…
അവൾ ചായ ഗ്ലാസ്സിൽ പകർന്നപ്പോഴേക്കും ഫ്രഷായി മുരളിയും താഴേക്കു വന്നിരുന്നു..
ഒരു ത്രീ ഫോർത്തും ടീ ഷർട്ടുമായിരുന്നു അവന്റെ വേഷം..
ട്രേയിലിരുന്ന ചായക്കപ്പ് കയ്യിലെടുത്തു കൊണ്ട് മുരളി അമ്മയ്ക്കരുകിലേക്ക് വന്നു…
“ശരണ്യാന്റി ഒറ്റയ്ക്കാണോ വരുന്നത്…… ?””
“” അല്ലാതെ പിന്നെ അവൾക്കാരാടാ കൃഷ്ണാ ഉള്ളത്…… ?””
“” ആരുമില്ലേ… ?””
“” അവളുടെ ബ്രദറും റിലേറ്റീവ്സുമൊക്കെ നാട്ടിൽ ഉണ്ട്… ഏഴോ എട്ടോ വർഷം മുൻപ് അവൾ ഒന്നു വന്നു പോയതാ…”
“” അന്നിവിടെ വന്നതായി ഞാൻ ഓർക്കുന്നൊന്നുമില്ലല്ലോ… ?””
ചിന്തയോടെ മുരളി ചായ ഒന്നു മൊത്തി……
“” അതിന് അവളിവിടെ വന്നാലല്ലേ നിനക്ക് ഓർമ്മ കാണൂ… അതിനു ശേഷമാ ഞാനവളെ തിരഞ്ഞു പിടിച്ചത്…… “
“” ആളൊരു പാവമാണെന്ന് തോന്നുന്നു… അല്ലേ അമ്മാ… “
“” പാവമാടാ കൃഷ്ണാ… എന്നോട് ഒന്നും പറയാതെ ഒരു പോക്കങ്ങു പോയതാ … എനിക്ക് വല്ലാത്ത സങ്കടമുണ്ടായിരുന്നു… അത്രയ്ക്ക് കൂട്ടായിരുന്നു ഞങ്ങൾ തമ്മിൽ…””
“” പിണങ്ങിപ്പോയതായിരുന്നോ… ?””
“” അതെനിക്ക് ഇന്നും അറിയില്ല… അന്ന് ഞാനവളുടെ നാട്ടിലെ അഡ്രസ്സിൽ മൂന്നാലു കത്തൊക്കെ അയച്ചിരുന്നു… ഒരു മറുപടിയും വന്നില്ല… പിന്നെ എന്റെ കല്യാണമായി…… അത് പറഞ്ഞും എഴുതിയിരുന്നു.. അതിനും അവൾ വന്നില്ല… …. “
മുരളി ഒന്നും മിണ്ടിയില്ല…