പറയാം ഞാൻ വരുന്നു , കുഞ്ചുണ്ണൂലി രക്ഷപെട്ടു പോയി.
**
കുഞ്ചുണ്ണൂലിഅത്താഴം പേരിനു തന്റെ മുറിയിൽ കിടന്നു ഉറക്കം പിടിച്ചു, പാതിരാ ആയപ്പോൾ കണ്ണപ്പുണ്ണിയും ആരോമലുണ്ണിയും തെയ്യം കാണാൻ പോയിട്ട് വന്നു, കണ്ണപ്പുണ്ണി വന്നു തന്റെ അടുത്ത് കിടന്നു. “അമ്മേ അമ്മ ഉറങ്ങിയോ ?” കണ്ണപ്പുണ്ണി പുറകിൽ നിന്നും അമ്മയെ കെട്ടിപ്പിടിച്ചു ചോദിച്ചു
“ഉറങ്ങി എന്ത് വേണം ഇതുവരെ എവിടെ ആയിരുന്നു ഉണ്ണീ നേരം പാതിരാവായി, ഉണ്ണിയെ എന്തോ മണക്കുന്നുണ്ടല്ലോ, ഒരു കള്ളുമണം, ഉണ്ണി കള്ള് കുടിച്ചോ ?”
“അമ്മേ അത് ആരോമലുണ്ണി തെയ്യം കാണാൻ പോകുമ്പോൾ ഇടയ്ക്കു ഒരു സന്തു ബന്ധുവിനെ കാണാൻ കേറി അവിടെ നല്ല പനങ്കള്ളു ഉണ്ടായിരുന്നു തെയ്യം കാണാൻ നല്ല ഒരു രസം വരും എന്ന് പറഞ്ഞു കുടിച്ചു ഞാൻ അൽപ്പം രുചിച്ചു, അതായിരിക്കും ”
“എന്തിനു ഉണ്ണീ ആ ആരോമലിന്റെ കൂടെ കൂടി ഇതൊക്കെ ശീലിക്കുന്നു, അപ്പൂപ്പൻ പോലും ഭൈരവപൂജക്ക് മാത്രമേ അൽപ്പം കള്ള് കുടിക്കുകയുള്ളു,ഇതൊക്കെ ഒരു ശീലം ആയാൽ പിന്നെ മാറാൻ ബുദ്ധിമുട്ടാണ്, കള്ളുകുടി, പകിടകളി ഒക്കെ അപകടം ആണ്, നിന്റെ അച്ഛൻ തന്നെ പകിട കളിയ്ക്കാൻ പോയിട്ടാണ് അപകടം ഒക്കെ ഉണ്ടായത് ”
“അമ്മേ ഇവിടെ ആരും ഒന്നും പറഞ്ഞു തരുന്നില്ല, എന്നേക്കാൾ ആരോമലുണ്ണിക്ക് ആണ് പയറ്റും അടവുകളും കൂടുതൽ അറിയാവുന്നത് എന്നാൽ അവന്റെ അച്ഛൻ വെറും കുഞ്ഞിരാമൻ ആണെന്ന് ആൾക്കാർ പറയുന്നുണ്ടല്ലോ. എന്റെ അച്ഛൻ അരിങ്ങോടരെ കൊന്ന മഹാവീരൻ എന്നും പറയുന്നു. പക്ഷെ വെട്ടടവുകൾ ഒക്കെ എന്നേക്കാൾ ആരോമലുണ്ണിക്ക് ആണ് കൂടുതൽ അറിയാവുന്നത് “