പെരുന്നാളും ഇടവകയിലെ കാര്യങ്ങളുമെല്ലാം മനുവിനും അറിയാമായിരുന്നു. പെരുന്നാളിന്റെ പ്രധാന ദിവസമാണ് പെരുന്നാൾ പ്രദിക്ഷണം ഉണ്ടാകുന്നത്, അന്ന് തന്നെ ആവും പള്ളിയിൽ എന്തെങ്കിലും ഗാനമേളയോ നാടകമോ ഒക്കെ ഉണ്ടാവുന്നത്. അങ്ങനെ പെരുന്നാൾ കൂടാൻ വൈകുന്നേരം നാലു മണിക്കുള്ള കുർബാനയ്ക്ക് ഞാനും ഇച്ചായനും മോളും കൂടെ പോയി. പെരുന്നാൾ ആയതു കൊണ്ട് എല്ലാവരെയും പോലെ ഏറ്റവും നല്ല സാരിയൊക്കെ ഉടുത്ത് നല്ലപോലെ ഒരുങ്ങിയാണ് ഞാനും പോയത്.
കുർബാന കഴിഞ്ഞ് ഇറങ്ങി പള്ളിമുറ്റത്ത് നിന്ന് പ്രദിക്ഷണം തുടങ്ങുന്നതിന് മുമ്പാണ് ചുറ്റുമുള്ള ആൾക്കൂട്ടത്തിന്റെ ഇടയിൽ ഞാൻ മനുവിനെ പോലെ ഒരാളുടെ രൂപം കണ്ടത്. അപ്പോൾ സമയം ആറുമണി കഴിഞ്ഞിരുന്നു, എപ്പോഴും അവനെക്കുറിച്ച് ആലോചിച്ചു നടക്കുന്നതു കൊണ്ടാവും എന്ന് ഞാൻ കരുതി.
പള്ളിമുറ്റം ആയതുകൊണ്ട് കൂടെ എന്റെ നാട്ടിലെ വേറെ കൂട്ടുകാരികൾ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ആണുങ്ങളുടെ വശത്തേക്ക് ഒരുപാട് ശ്രദ്ധിച്ചില്ല. നേഹ മോള് അവളുടെ കൂട്ടുകാരികളുടെ കൂടെ ആയിരുന്നു. പക്ഷേ വീണ്ടും ഒന്ന് കറങ്ങി തിരിഞ്ഞ് നിന്നപ്പോൾ ഞാൻ നേരത്തെ കണ്ട ആ രൂപം വീണ്ടും എന്റെ കൺമുമ്പിൽ വന്നു.. അത് മനു തന്നെ ആയിരുന്നു..!!
ഒന്ന് ഉറപ്പിക്കാനായി ഞാൻ സൂക്ഷിച്ച് നോക്കി, അതെ അവൻ തന്നെ. അത്രയും നേരം ചിരിച്ച് കളിച്ചു സംസാരിച്ച് നിന്ന് എന്റെ മുഖഭാവം പെട്ടെന്ന് മാറി, വല്ലാത്ത ഒരു ആകാംക്ഷയും പേടിയും അതിന്റെ കൂടെ സന്തോഷവും എല്ലാം കൂടെ എന്താണെന്ന് എനിക്ക് തന്നെ അറിയാൻ വയ്യാത്ത ഒരു അവസ്ഥ.