നിങ്ങളെ എനിക്ക് അറിയില്ലേ ബൈജു അണ്ണാ.. ഞാൻ നിങ്ങളെ ചുമ്മാ ചൊറിയാൻ പറഞ്ഞതല്ലേ… ഒന്നുവല്ലെങ്കിലും കഴിഞ്ഞ 5 കൊല്ലം ഞാനും ഉണ്ടത് നിങ്ങടെ ചോറല്ലേ..
പിന്നെ നീ കാര്യവായിട്ടു പറഞ്ഞ എനിക്ക് ആന മയിൽ ഒട്ടകം ആണല്ലോ…ഒന്ന് പോടാ ചെറുക്കാ…അല്ല നീ വല്ലതും കഴിച്ചായിരുന്നോ…
ആം ഞാൻ വരുന്ന വഴി കഴിച്ചു……
എവിടുന്നു… നീ ബസിൽ അല്ലെ വന്നത് അല്ലാതെ ഫ്ലൈറ്റിലും ട്രെയിനിലും ഒന്നും അല്ലല്ലോ…വരുന്ന വഴി കഴിക്കാൻ…
നിങ്ങള്ക്ക് എങ്ങനെ മനസിലായി ഞാൻ ബസിൽ ആ വന്നത് എന്ന്..
സാധാരണ ആ ബൈക്കിൽ നിന്നും ഭൂമിയിൽ കാല് കുത്താത്തവനല്ലേ നീ…നടന്നല്ലേ ഇപ്പൊ ഇങ്ങോട്ട് വന്നത്. പിന്നെ നിന്റെ മോറ് കണ്ടാൽ അറിയാം ബസിൽ കിടന്നു ഉറങ്ങിയതിന്റെ…ദോശയ്ക്ക് മുളക് ചമ്മന്തി മാത്രേ ഉള്ളു.. നീ ഇരിക്ക്….
വേണ്ടണ്ണ… ഇപ്പൊ തന്നെ സമയം ഒത്തിരി ആയില്ലേ നിങ്ങള് പോകാൻ നോക്ക്…
പിന്നെ നിനക്ക് രണ്ടു ദോശ ചുട്ടെടുക്കാൻ രണ്ടു മണിക്കൂർ വേണവല്ലോ…. ഇരിക്കെടാ ചെറുക്കാ…..
എനിക്ക് വിശപ്പില്ലാഞ്ഞിട്ട……
മോനെ കൊല്ലം പതിനേഴു ആയി ഞാൻ ഈ കോളേജ് പരിസരത്ത് ഈ കടയും കൊണ്ട് ജീവിക്കാൻ തുടങ്ങിയിട്ട്. നിന്നെ അടക്കം പലതിനേം ഞാൻ കണ്ടിട്ടും ഉണ്ട്.. വിശപ്പ് ഉള്ളവനേം ഇല്ലാത്തവനേം വിശപ്പ് ഉണ്ടായിട്ടും ഭുധിമുട്ടിക്കണ്ട എന്ന് കരുതി കള്ളം പറയുന്നവനേം കണ്ടാൽ എനിക്ക് മനസ്സിലാവും
ബൈജു അണ്ണൻ പിന്നെ പണ്ട് തൊട്ടേ ഇങ്ങനെയാ… വിശന്നിരിക്കാൻ സമ്മതിക്കില്ല…
ഹോസ്റ്റലിൽ ഉള്ളപ്പോ കഴിക്കാൻ വന്നില്ല എങ്കിൽ ഫുഡ് ഉണ്ടാക്കി റൂമിൽ കൊണ്ട് വരും. കഴിക്കാതെ ഉറങ്ങാൻ പുള്ളി മാത്രം സമ്മതിക്കില്ല… ഒരാളോടല്ല.. സ്ഥിരം അവിടുത്തെ എല്ലാ പറ്റുകാരോടും അങ്ങനെ തന്നെ….