“മുരളിയേട്ടന്റെ ഛായയാലെ ശ്രീക്കു… അത് ഏതായാലും നന്നായി..”
ശോഭന ചിറ്റ ഒരു ചിരിയോടെ പറഞ്ഞപ്പോൾ ആ വാചകത്തിന്റെ മുൾ മൊന എന്റെ ഹൃദയത്തിൽ കൊണ്ടു… ഇതൊക്കെ എത്രനാൾ എന്റെ അമ്മ സഹിച്ചു കാണും എന്ന് ഞാൻ ഓർത്തു… അച്ഛൻ എന്റെ കൈയിൽ നൽകിയ കിണ്ടിയിൽ നിന്നും കാലുകൾ കഴുക്കി ഞാൻ ആ പടി ചവുട്ടി കയറി, വെറും 2 വയസ്സ് പ്രായം ഉള്ളപ്പോൾ അമ്മയുടെ എളിയിൽ ഇരുന്നു ഇറങ്ങിയ ചിറ്റില്ലത്തിന്റെ പടി നീണ്ട 18 വർഷത്തിന് ശേഷം ഞാൻ വീണ്ടും കയറുന്നു…
ഇതൊക്കെ അമ്മ കാണുന്നുണ്ടാവുമോ എന്ന് ഞാൻ ഓർത്തു, അങ്ങനെയെങ്കിൽ എന്നെക്കാൾ അസ്വസ്ഥത അമ്മക്ക് ആവും ഇപ്പോൾ… വീടിന്റെ വരാന്തക്കു ചുറ്റും തടികൊണ്ട് പണിത ചാരു ബെഞ്ചുകൾ ഉണ്ടായിരുന്നു, അതിന്റെ ഒരറ്റതായി ഒരു കൊച്ചു പെൺകുട്ടി ഇരുന്നു പുസ്തകം വായിക്കുന്നു,
എന്റെ മുഖത്തേക്ക് അവൾ ഒന്ന് നോക്കി മറുപടിയായി ഞാൻ ഒരു ചിരി തിരിച്ചു നൽകി, അവൾ മുൻ വാതിലിലേക്ക് നോക്കി ചാടി എഴുനേറ്റു, അത് കണ്ട് ഞാനും മുൻ വാതിലിലേക്ക് നോക്കി… കട്ടിള പടിയിൽ ഊന്നി ഒരു ചെറിയ രൂപം പ്രിത്യക്ഷപെട്ടു, അവർക്കു പരിചയപ്പെടുത്തൽ ഒന്നും ആവിശ്യമില്ല… ചിറ്റില്ലത്തിലെ ചുടല യക്ഷി, എന്റെ അച്ഛമ്മ….
വെളുത്ത ബ്ലൗസ്സും വെള്ളയിൽ സ്വർണ്ണ കസവുള്ള മുണ്ടും ആണ് വേഷം, നരച്ചു വെളുത്ത മുടി ചുരുട്ടി തലയിൽ കെട്ടി വെച്ചിരിക്കുന്നു, മൂക്കിൽ സ്വർണ്ണത്തിന്റെ മൂക്കുത്തി, കാതുകളിലെ കമ്മലിന്റെ ഭാരം കാരണം ചെവി ഒരൽപ്പം താഴെക്കു തൂങ്ങിയിട്ടുണ്ട്, കഴുത്തിൽ വല്യൊരു സ്വർണ്ണമാല… വലുതെന്നു പറഞ്ഞാൽ എന്റെ ചെറു വിരലിന്റെ വണ്ണം വരും അതിനെന്നു തോന്നി, അതിന്റെ ഭാരം കൊണ്ടാണോ അച്ഛമ്മ ഒരൽപ്പം മുൻപ്പോട്ടു വളഞ്ഞു പോയത് എന്ന് എനിക്കു തോന്നി…