വണ്ടി ഒരു വളവു കൂടെ മറികടന്നപ്പോൾ ദൂരെ നിന്നും ചിറ്റില്ലം തറവാട് കണ്ടു തുടങ്ങി, അമ്മ പറഞ്ഞു തന്നത് വെച്ച് എന്റെ മനസ്സിൽ തറവാടിന്റെ ഒരു രൂപം ഉണ്ടായിരുന്നു എന്നാൽ ഞാൻ മനസ്സിൽ കരുതിയതിലും വളരെ വലുതാണ് ചിറ്റില്ലം തറവാട്…
വണ്ടി വന്നു വീടിനു മുന്നിൽ നിന്നു… വീടിനു മുൻപിൽ വലത്തു ഭാഗത്തു ഒരു പശുത്തൊഴുത്ത് ഉണ്ട്, അവിടെ ഒരു പശുവും അതിന്റെ കാലിനു ഇടയിലായി ഒരു കന്നുകുട്ടിയും നിൽക്കുന്നത് ഞാൻ നോക്കി, തൊഴുത്തിന് അരികിലായി വലിയ ഒരു മരത്തിന്റെ പകുതിയോളം വരെ കച്ചി കുന്നു കൂട്ടി വെച്ചിരിക്കുന്നു…
വല്യ മുറ്റത്തിന്റെ അറ്റത്തായി ഉണക്കാൻ വെച്ചേക്കുന്ന പുഴുങ്ങിയ നെല്ല് ഒരു ഓല പരമ്പിൽ നിരത്തി ഇട്ടിരിക്കുന്നത് കാണാം… നടു മുറ്റത്തു ഒരു തുളസി തറയും അതിൽ നിന്നും കല്ലുകൾ നിരത്തിയ ഒരു വഴി നേരെ പടിപ്പുരയില്ലേക്കും നീണ്ടു നിന്നു…
പടിപ്പുര ഞങ്ങൾ കാറിനു വന്ന വഴിയിൽ നിന്നും അല്പം ഇടത്തോട്ടു മാറിയാണ് അതിനു മുകളിലായി ഒരു ചെറിയ മുറിയുണ്ട്, അവിടെ പണ്ട് തോട്ടക്കാരൻ വാസുവായിരുന്നു അമ്മ പറഞ്ഞ കഥകളിൽ താമസിച്ചിരുന്നത്…
വീടിന്റെ മുറ്റത്തായി ഒരു സുന്ദരി പെൺകൊച്ചു നിന്ന് മുറ്റം അടിക്കുന്നു, വണ്ടി വന്ന് നിന്നപ്പോൾ കൈയിൽ ഇരിക്കുന്ന ചൂൽ അവൾക്കു പുറകിയായി മറച്ചു പിടിച്ചു… വെള്ള പാവാടയും ബ്ലൗസ്സും അതിനു മേലെ കൂടെയൊരു ചുവന്ന ഹാൽഫ് സാരിയുമാണ് അവളുടെ വേഷം, കാലിൽ ആണേൽ റബ്ബർ ചെരുപ്പും, അച്ഛന്റെ വീട്ടിൽ പലരുടെയും മനസ്സ് കറുത്തിട്ടാണെങ്കിലും എല്ലാവർക്കും നല്ല തൊലി നിറമാണെന്ന് അമ്മ പറയാറുള്ളത് ഞാൻ ഓർത്തു…