“മോന് എന്ത് ആവിശ്യം ഉണ്ടേലും എന്നോട് പറഞ്ഞാൽ മതി പെറ്റമ്മയോളം വരില്ല ആരുമെന്ന് എന്നിക്കറിയാം പക്ഷെ മുരളിയേട്ടനെ വേലി കഴിച്ചപ്പോൾ മുതൽ എന്റെ മനസ്സിൽ മകൻ തന്നെയാ ശ്രീ…”
ഉഷ അത് പറഞ്ഞത് ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ആയതു കൊണ്ടുതന്നെ എന്ത് പറയണം എന്നറിയാതെ ഞാൻ നിശബ്ദനായി ഇരുന്നു…
“മോന്റെ അമ്മ ഇവിടെ നാലു വർഷം സഹിച്ചതു കഴിഞ്ഞ പത്തു വർഷമായി സഹിക്കുന്ന ആളാണ് ഞാൻ, അതുകൊണ്ട് എന്ത് പ്രശനം ഉണ്ടേലും എന്നോട് പറയാം കേട്ടോ…,”
അവർ തുടർന്നു…
ഞാൻ അതിനു ഒന്ന് മൂളുക മാത്രമാണ് മറുപടിയായി ചെയ്തത്…
“ആട്ടെ… എല്ലാരും ആരൊക്കെ ആണെന്ന് മോന് മനസ്സിലായോ…”
ഉഷ ചോദിച്ചപ്പോൾ ഞാൻ,
“ഇല്ല…“
എന്ന് പറഞ്ഞു…
”ഇന്ന് നമ്മൾ വന്നപ്പോൾ വണ്ടി ഓടിച്ചതാണ് ബാലൻ, അച്ഛന്റെ അനിയത്തി ശോഭനയുടെ ഭർത്താവ്… അവർക്കു മക്കൾ ഇല്ലാ, ഒരു പെൺകുട്ടി ഉണ്ടായി ഒരു വർഷത്തിനുള്ളിൽ തന്നെ മരിച്ചുപോയി, ഹൃദയത്തിൽ എന്തോ ഓട്ടയോ മറ്റോ ജനിച്ചപ്പോൾ തന്നെ ഉണ്ടായിരുന്നു…
കുറേ മരുന്നും മന്ത്രോമെല്ലാം നടത്തി നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ലാ… അച്ഛമ്മയുടെ പുറകിൽ നിന്നതാണ് സന്ധ്യ ഏടത്തി, മുരളിയേട്ടന്റെ മൂത്ത സഹോദരി… അവരുടെ ഭർത്താവാണ് രാജൻ, പുള്ളിയാണ് നിന്റെ അച്ഛന്റെ റൈസ് മില്ല് ഇപ്പോൾ നോക്കി നടത്തുന്നത്…
സന്ധ്യ ഏടത്തിക്കു രണ്ട് പെൺമക്കൾ ആണ് അവർ രണ്ടു പേരുടെയും കല്യാണവും കഴിഞ്ഞു അതിൽ ഇളയ ആളും ഭർത്താവും ബോംബെയിൽ ജോലി ആണ്, മൂത്ത ആളെ കെട്ടിച്ചത് ഇവിടെ അടുത്ത് തന്നെ ആണ്, അവരുടെ മോളാണ് മോനെ മുറി കാണിക്കാൻ വന്ന ചെറിയ കുഞ്ഞ്… പിന്നെ ആ മിറ്റം അടിച്ചുകൊണ്ടു നിന്നതാണ് മീനാക്ഷി…“