“വർഷാ.. ഒരു തലയിണ എടുത്തോ, തല നേരെ വയ്ക്കാനാ.”
വർഷ റൂമിൽ കയറി തലയിണ എടുത്ത്, വീടിൻ്റെ വാതിൽ പൂട്ടി ഇറങ്ങി.
“മോളെ, നീ പുറകിൽ ഇരുന്നോ.”
വർഷ കാറിൻ്റെ പുറകിൽ കയറി, മടിയിൽ തലയിണ വച്ച് അമ്മയുടെ തലയെടുത്ത് വെച്ച്, സരസ്വതിയെ ചുറ്റി പിടിച്ചിരുന്നു.
“ശരി, അങ്കിൾ പോകാം, വണ്ടിയെടുക്ക്.”
അയാൾ വേഗത്തിൽ കാറോടിച്ച് ആശുപത്രിയിൽ എത്തി.
കാറിൽ നിന്ന് അമ്മയെ എടുത്ത് കൊണ്ട് ഓടി ഡോക്ടറിൻ്റെ അടുത്തെത്തി.
പരിശോധനയ്ക്കു ശേഷം, മരുന്ന് കുറിച്ച് കൊടുത്തു.ഡോക്ടർ എന്തൊക്കയോ അയാളോട് പറഞ്ഞിട്ട്, നടന്നു പോയി.
സരസ്വതിയെ വാർഡിലേക്ക് കൊണ്ടുപോയി ട്രിപ്പ് ഇട്ടു കിടത്തി.
കുറിച്ച് കൊടുത്ത മരുന്നും, ഗുളികയും വാങ്ങി ബില്ലുമടച്ച് അയാൾ വന്ന് അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു.
“മോളേ, BP വളരെ കുറവാണ്. അതു കൊണ്ടാണ് തല ചുറ്റി വീണത്. ഒരു മണിക്കൂർ കഴിയുമ്പോൾ നമുക്ക് പോകാം.”
വർഷ ദീർഘാശ്വാസം വിട്ടു.
ഉടനെ അയാൾ കൈ എടുത്ത് അവളുടെ തോളത്തു തട്ടിട്ട് പറഞ്ഞു, “വർഷാ, ഒരു മരുമകളുടെ കടമ, നീ നന്നായി ചെയ്യുന്നുണ്ട്. അതു കൊണ്ട് എനിക്ക് വീടിനകത്തു നീ വന്നതിൽ പിന്നെ ഇന്ന് വരെ കയറേണ്ടി വന്നിട്ടില്ല.”
“ഈ..രാത്രിയിൽ നിന്നെക്കൊണ്ട് പറ്റാത്ത കാര്യമാണ് എന്ന് ഞാൻ പറയില്ല. കാറുണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും പറ്റുന്ന പോലെ അമ്മയെയും കൊണ്ട് ആശുപത്രിയിൽ വന്നതിനു ശേഷമേ നീ ഫോൺ വിളിക്കുമായിരുന്നുള്ളു.”
വർഷ ഉള്ളു നിറഞ്ഞു ചിരിച്ചു. അപ്പോഴും ഈറമയം കണ്ണിനുണ്ടായിരുന്നു.
വിശ്വനാഥൻ പുറത്തോട്ട് നടന്നു പോയി. കുറെ സമയം കഴിഞ്ഞ് കയറി വരുമ്പോൾ അയാളുടെ കൈയിൽ കഴിക്കാൻ ആഹാരവും, കുടിക്കാൻ രണ്ട് ജ്യൂസും, കുറച്ചു ഫ്രൂട്ട്സും, വാങ്ങിച്ചിട്ടുണ്ടായിരുന്നു.