വിശ്വൻ: മോളേ..പേടിക്കാതെ ധൈര്യമായിരിക്ക്. ഞാനിതാ വന്നു. ഒന്നും പേടിക്കണ്ട, ഒരു കുഴപ്പവുമില്ല അമ്മയ്ക്ക്.
2 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ കാറുമായി വന്നു. പോർച്ചിൽ കാർ നിർത്തിയ ശബ്ദം കേട്ട് അവൾ ഓടി വന്ന് കതകു തുറന്നു. ഒരു വെള്ള സ്വിഫ്റ്റ് കാറിലാണ് വിശ്വൻ വന്നിറങ്ങിയത്.
രണ്ടു പേരും ഹാളിലേക്ക് കയറി വന്നു.
“എന്തു പറ്റിയതാ? എവിടെയാ മോളേ അമ്മ വീണത്?”
“കിച്ചണിൽ ഞങ്ങൾ രണ്ടു പേരും വർത്തമാനം പറഞ്ഞിരുന്ന് നാളെ രാവിലെ കറി വെക്കാനുള്ള പച്ചക്കറി അരിയുവായിരുന്നു. തൊണ്ട വരണ്ടപ്പോൾ വെള്ളം കുടിക്കാനായി എഴുന്നേറ്റതാ”
“ഹോ.. കഷ്ടം…..”
“വീഴുന്നത് കണ്ട് വെട്ടി തിരിഞ്ഞ്, ഞാൻ കയറി പിടിച്ചതാ പ്.. പ. പ്… പക്ഷേ എൻ്റെ കൈയിൽ നിന്നില്ല..അമ്മയുടെ ഭാരം എ..എനിക്ക് താങ്ങാനായില്ല..വ.. വ്.. വീ.. വീണു..”
(ഏങ്ങലടിച്ച്, തൊണ്ട ഇടറി, ചൂണ്ട് വിറച്ചാണ് അവൾ അത്രയും പറഞ്ഞത്.)
“മോളെ..കുറച്ച് തണുത്ത വെള്ളം തന്നേ.”
(വർഷ ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം കൊടുത്തു.)
(വിശ്വനാഥൻ ശക്തിയായി സരസ്വതിയുടെ മുഖത്ത് തളിച്ച് വിളിച്ച.)
“ഏട്ടത്തിയെ.. ഏട്ടത്തി.. കണ്ണ് തുറന്നേ, ഇതു ഞാനാ വിളിക്കുന്നെ…” (കവിളത്ത് ചെറുതായി തട്ടി)
“കണ്ണ് തുറക്കുന്നില്ലല്ലോ. വർഷ മോളേ, വേഗം ഡ്രസ്സ് മാറി വാ. എത്രയും പെട്ടന്ന് ആശുപത്രിയിൽ പോണം” (അതും പറഞ്ഞ് പൂ പറിക്കുന്ന ലാഘവത്തിൽ അമ്മയെ എടുത്തുയർത്തി, പുറത്തേക്ക് പോയി.)
വർഷയുടെ കണ്ണ് മിന്നി വികസിച്ചു. 45-ലും തളരാത്ത ആരോഗ്യം.
അവൾ ചുരിദാർ അണിഞ്ഞു ഒരുങ്ങിയിറങ്ങി നോക്കുമ്പോൾ വിശ്വൻ അമ്മയെ ഒരു കുഞ്ഞിനെ കിടത്തുന്ന പോലെ ബാക്ക് സീറ്റിൽ കിടത്തി.