ബീരാൻ മുറിയിൽ നിന്നിറങ്ങി ഹാളിൽ വന്ന് ടി വി ഓൺ ചെയ്ത് അതിന് മുന്നിലിരുന്നു..
ആമിന പ്ലേറ്റ് വടിച്ച് നക്കി ഏമ്പക്കവും വിട്ട് കൈ കഴുകി മുറിയിലേക്ക് പോയി..
ബീരാൻ പ്രതീക്ഷിച്ച പോലെ പത്ത് മിനിറ്റിനുള്ളിൽ ഭീകര ശബ്ദത്തോടെയുള്ള കൂർക്കംവലി കേട്ടു..
ഈ ശല്യം സഹിക്കവയ്യാതെ മിക്കവാറും ദിവസം ബീരാൻ ഹാളിലെ സെറ്റിയിൽ തന്നെയാണ് കിടക്കുക..
അയാൾ ടി വി ഓഫാക്കി ആമിന ഉറങ്ങുന്ന മുറിയുടെ വാതിൽ പുറത്ത് നിന്ന് ചാരി..
പിന്നെ പടികൾ കയറി മുകളിലേക്ക് പോയി..
മുകളിലെ ബാൽക്കണിയിലെ സോഫയിലിരുന്ന് അയാൾ അഹമ്മദിന്റെ വീടിന് നേർക്ക് നോക്കി..
ചെറിയൊരു ടെറസ് വീടാണ്…
വലിയ സൗകര്യങ്ങളൊന്നും ആ വീട്ടിലില്ല..
തന്റേത് ഒരാഡംബരക്കൊട്ടാരമാണ്..
മറ്റുള്ളവരെ കാണിക്കാൻ ആമിന വീട്ടിൽ വാങ്ങി വെക്കാൻ ഇനിയൊരു സാധനവും ബാക്കിയില്ല..
ഇത്ര വലിയ വീടും, സൗകര്യങ്ങളുമുണ്ടായിട്ടും സമാധാനം തനിക്കുണ്ടായിട്ടില്ല..
സന്തോഷവും..
പതിവായിട്ട് വലിയൊന്നുമില്ലെങ്കിലും ഇന്ന് വലിക്കാതെ പറ്റില്ല എന്ന് മനസിലാക്കിയ ബീരാൻ ഒരു പേക്കറ്റ് സിഗററ്റ് വാങ്ങിയിട്ടുണ്ടിന്ന്..
അതിലൊന്നെടുത്ത് കത്തിച്ച് പുകയൂതിപ്പറത്തി അയാൾ നിലാവും കണ്ടിരുന്നു..
നല്ല തണുപ്പുണ്ട്.
ഇടക്കയാൾ മൊബൈലിൽ സമയം നോക്കി..
പത്ത് മണിയായെന്ന് വിറയലോടെ കണ്ടതും ഫോൺ ബെല്ലടിച്ചതും ഒരുമിച്ച്..
പരിചയമില്ലാത്ത നമ്പറിലേക്ക് നോക്കി അയാൾ കുറച്ച് നേരമിരുന്നു.. പിന്നെ സിഗററ്റ് കുറ്റി താഴോട്ടെറിഞ്ഞ്, ധൈര്യം സംഭരിച്ച് ബീരാൻ ഫോണെടുത്തു..