—————–
മേക്കാട്ട് നമ്പൂതിരിയെ കാണാൻ കണ്ണേട്ടനും സഞ്ജുവും ഒരുമിച്ചാണ് പോയത്. മുത്തച്ഛന്‌റെ പഞ്ചഷഷ്ഠി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പൂജകളുടെ സമയവും ചാർത്തും തയാറാക്കാൻ കുറിപ്പു തയാറാക്കാൻ.
ഇങ്ങട്ട് ഇരുന്നോളൂ കുട്ടികളേ, അദ്ദേഹം പൂജാമുറിയിലാണ്- മേക്കാട്ട് തിരുമേനിയുടെ ഭാര്യയായ അന്തർജനം അവരോട് പറഞ്ഞപ്പോൾ അവർ സ്വീകരണമുറിയിലെ സെറ്റിയിൽ ഇരുന്നു.
പൂജാമുറിയിൽ നിന്നു മണികൾ മുഴങ്ങുന്ന ശബ്ദം, അകമ്പടിയായി വേദ മന്ത്രോച്ചാരണവും. തട്ടിപ്പില്ലാതെ കാര്യങ്ങൾ ഗ്രഹിച്ച് പറയുന്ന ഒന്നാന്തരം ജ്യോതിഷിയാണ് മേക്കാട്ട് തിരുമേനി. ചരിത്രപ്രസിദ്ധമായ മേക്കാട്ട് മനയിലെ നിലവിലെ അനന്തരാവകാശി. സഞ്ജുവിന്‌റെ മുത്തച്ഛനായ ബാലകൃഷ്ണപെരുമാൾ എന്തിനും ഏതിനും മേക്കാട്ട് തിരുമേനിയുടെ വാക്ക് ചോദിച്ചേ ചെയ്യാറുള്ളൂ. അത്ര വിശ്വാസമാണ്.
കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനിയുടെ ഒരു ശിഷ്യൻ ഇറങ്ങിവന്നു.
വേദപുരത്തൂന്നല്യേ – അയാൾ ചോദിച്ചു.
ഉവ്വ്- കണ്ണേട്ടൻ പറഞ്ഞു.
പൂജാമുറിയിലേക്കു ചെല്ലാൻ തിരുമേനി പറഞ്ഞിരിക്ക്യണൂ. കാൽ കഴുകി വന്നോളൂ- പറഞ്ഞിട്ട് ശിഷ്യൻ നടന്നകന്നു.
പറഞ്ഞപ്രകാരം ദേഹശുദ്ധി വരുത്തിയ ശേഷം കണ്ണേട്ടനും സഞ്ജുവും പൂജാമുറിയിലേക്കു ചെന്നു. ഉള്ളിൽ ചെമന്ന പട്ടുവിരിച്ച ഇരിപ്പിടത്തിൽ മേക്കാട്ടു തിരുമേനി ഉപവിഷ്ടനായിരുന്നു. മുന്നിലൊരു മന്ത്രക്കളം. അതിനു സമീപത്തായി കവിടി നിരത്തിയ മറ്റൊരു കളം.
അൻപതു പിന്നിട്ട തിരുമേനി കാഴ്ചയിൽ ഗംഭീരഭാവനായിരുന്നു. വെള്ളക്കസവുമുണ്ടുടുത്ത അദ്ദേഹം തോളിനു ചുറ്റും നേര്യതു പുതച്ചിരുന്നു. ധ്യാനനിമഗ്നനായി ഇരുന്ന അദ്ദേഹം കണ്ണന്‌റെയും സഞ്ജുവിന്‌റെയും പാദപതന ശബ്ദം കേട്ട് ചിന്തയിൽ നിന്നുണർന്നു.
കണ്ണനെയും സഞ്ജുവിനെയും നോക്കി മേക്കാട്ടു തിരുമേനി പുഞ്ചിരിച്ചു.
വര്വാ, ഇരിക്കാ- തന്‌റെ മുന്നിൽ അഭിമുഖമായി വിരിച്ച നിലപ്പായ ചൂണ്ടിക്കാട്ടി അദ്ദേഹം ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു.
കണ്ണനും സഞ്ജുവും ആ നിലപ്പായയിൽ ഇരുന്നു.
ഒരു നിമിഷം തിരുമേനി ചിന്താമഗ്നനായിരുന്നു.
പൂജകളെല്ലാം വിധിയാംവണ്ണം തന്നെ നടത്താമല്ലോ തിരുമേനി?- കണ്ണേട്ടന്‌റെ ആ ചോദ്യമാണ് അദ്ദേഹത്തെ ഈ ഇരിപ്പിൽ നിന്നു മുക്തനാക്കിയത്.
അതെല്ലാം പറഞ്ഞപോലെ തന്നെ നടത്താം കണ്ണാ, അതല്ല വേറൊരു കാര്യം- തിരുമേനി പറഞ്ഞു.
എന്താത് തിരുമേനി?- സഞ്ജുവാണ് ഇത്തവണ ചോദ്യം ഉന്നയിച്ചത്.
ഞാൻ ചന്ത്രോത്ത് തറവാടിന്‌റെ ഇപ്പോഴത്തെ നിലയെക്കുറിച്ച് ഒന്നു പ്രശ്‌നം വച്ചു. ഒരുപാടു പ്രശ്‌നങ്ങൾ കാണുന്നു. ഒരുമാസം മുൻപ് തറവാടിന്‌റെ രാശി നോക്കിയപ്പോൾ ഇങ്ങനെയൊന്നുമുണ്ടായിരുന്നില്ല. എന്താപ്പോ ഇങ്ങനെ- തിരുമേനി വിരൽമടക്കിക്കൊണ്ട് പറഞ്ഞു.
സഞ്ജുവിന്‌റെ നെഞ്ചിൽ തീയാളി. കുളക്കരയിൽവച്ച് മീര നൽകിയ ചുംബനത്തിന്‌റെ ഓർമ അവന്‌റെ ഉള്ളിൽ തെളിഞ്ഞു. അതാണോ രാശിയിലെ കുഴപ്പത്തിനു കാരണമെന്ന് അവൻ ഒരു നിമിഷം ഓർത്തു.
ഇല്യ, നമുക്ക് പിടികിട്ടണില്യ, പക്ഷേ എവിടെയോ എന്തോ കുഴപ്പം പോലെ, തറവാട്ടംഗങ്ങൾ തങ്ങളുടെ പെരുമാറ്റത്തിലൊക്കെ ഒരു സൂക്ഷ്മതയും ജാഗ്രതയും പുലർത്തിയേക്കുക-തിരുമേനി അറിയിച്ചു.
സഞ്ജുവിന്‌റെ ഉള്ളൊന്നു തണുത്തു. ഭാഗ്യം കുളക്കരയിൽ വച്ച് തന്നെ മീര ചുംബിച്ചത് തിരുമേനിക്ക് അറിയാൻ സാധിച്ചിട്ടില്ല. ഇനിയെല്ലാം സൂക്ഷിക്കണം. അവനോർത്തു. മീരയിൽ നിന്ന് ഒരകലം പാലിച്ചില്ലെങ്കിൽ അപകടമാണ്.
അതേ സമയം തന്നെ അവന്‌റെ ഉള്ളിൽ കുളക്കരയിലെ ചുംബനം വീണ്ടും തെളിഞ്ഞുവന്നു. മീരയുടെ ചുണ്ടുകൾ തന്‌റെ ചുണ്ടുകളിലേക്ക് അമർന്ന ആ നിമിഷം. എന്തൊ ഒരടുപ്പക്കൂടുതൽ തനിക്ക് മീരയോടു തോന്നുന്നുണ്ടെന്നു സഞ്ജു തിരിച്ചറിഞ്ഞു. എത്രയായാലും തനിക്ക് ആദ്യചുംബനം നൽകിയ പെണ്ണല്ലേ. അവൾ മനസ്സിലേക്ക് ഒരു പാലമിട്ടുകഴിഞ്ഞു. അവൾ തന്‌റെ ഇഷ്ടം കൂടാതെയാണെങ്കിലും തന്നിൽ ഒരു അവകാശം സ്ഥാപിച്ചു കഴിഞ്ഞു. ഇനിയവളെ താൻ കല്യാണം കഴിക്കേണ്ടി വരുമോ?
എന്നാൽ അതേനിമിഷം തന്നെ അതുകഴിഞ്ഞുള്ള രംഗങ്ങളും അവന്‌റെ മനസ്സിൽ തിരയടിച്ചെത്തി. താൻ പിടിച്ചുമാറ്റിയില്ലെങ്കിൽ സ്വാതിയെ അവൾ കൊന്നേനേ. പ്രണയാതുരയായി നിന്ന നിലയിൽ നിന്ന് എത്രപെട്ടെന്നാണ് അവളിൽ ക്രൗര്യം കത്തിയത്. എത്ര കഷ്ടപ്പെട്ടാണ് താൻ സ്വാതിയെ മോചിപ്പിച്ചത്. ഇങ്ങനെയുള്ള ഒരാളിന്‌റെ ഭർത്താവായാൽ തന്‌റെ ഗതിയെന്താകും.
എന്താണ് മാൻ ഒടുക്കത്തെ ചിന്തയാണല്ലോ. വലിയ ചിന്തകനായി മാറുമോ നീ- കണ്ണേട്ടന്‌റെ ചിരിയോടെയുള്ള ചോദ്യമാണ് ആലോചനകളിൽ നിന്ന് സഞ്ജുവെ ഉണർത്തിയത്. കണ്ണേട്ടനായിരുന്നു വാഹനം ഓടിച്ചത്, സഞ്ജു മുൻസീറ്റിലായിരുന്നു.
ഇനി ചിന്തിക്കുന്നത് അപകടമാണെന്ന് സഞ്ജു ഓർത്തു. മറ്റുള്ളവരുടെ ചിന്തകൾ പോലും മനസ്സിലാക്കാൻ വിരുതനാണു കണ്ണേട്ടൻ.
ഏയ് ഒന്നുമില്ല- സഞ്ജു പറഞ്ഞു.
അങ്ങനെയല്ല എന്തോ ഉണ്ട്, അതു നീ പറയില്ലെന്നറിയാം, അതോണ്ട് പറയണ്ട- കണ്ണേട്ടൻ പറഞ്ഞു.