തന്‌റെ മനസ്സിലുള്ള കാര്യങ്ങൾ ആരോടെങ്കിലും ഒന്നു പറയണമെന്ന് സഞ്ജുവിന് തോന്നി. കണ്ണേട്ടൻ ആണെങ്കിൽ നല്ലയാളാണ്. കാര്യം കുറേ കളിയാക്കലൊക്കെയുണ്ടെങ്കിലും കട്ടയ്ക്കു കൂടെ നിൽക്കും.
കണ്ണേട്ടാ- സഞ്ജു വിളിച്ചു.
എന്താടാ, നീ കാര്യം പറ, നമുക്ക് പരിഹാരമുണ്ടാക്കാം- കണ്ണേട്ടൻ പറഞ്ഞു.
പുഴക്കരയിൽ അവർ വണ്ടിനിർത്തി. മീരയും നന്ദിതയും തറവാട്ടിൽ എത്തിയതു മുതൽ കുളക്കരയിൽ സംഭവിച്ച കാര്യങ്ങൾ വരെ കണ്ണനോട് സഞ്ജു വിശദീകരിച്ചു.
കണ്ണൻ മൂക്കത്തു വിരൽവച്ച് ഒരു നിമിഷം നിന്നു. പിന്നെ സഞ്ജുവിനെ നോക്കി.
ഡാ സഞ്ജു, മീരയെ ഞാൻ വാച്ചുചെയ്യുന്നുണ്ട്. ആൾ കലിപ്പത്തിയാണ്. കെട്ടിയാൽ ചിലപ്പോൾ പണികിട്ടും. എന്‌റെ അഭിപ്രായം നീ നന്ദൂനെ കെട്ടണമെന്നാ-കണ്ണൻ പറഞ്ഞു.
പക്ഷേ കണ്ണേട്ടാ, ഞാൻ പറഞ്ഞില്ലേ, മീര ഇന്നലെ എന്നെ ഉമ്മവച്ചു. ഇനിയിപ്പോ ഞാൻ വേറൊരാളെ എങ്ങനെ കെട്ടും- സഞ്ജു ചോദ്യമെറിഞ്ഞു.
ഡാ സഞ്ജൂ, ഇന്നത്തെകാലത്ത് കല്യാണത്തിനു മുൻപ് ഒരുമ്മ വയ്ക്കുന്നതൊക്കെ തെറ്റാണോ. ഉമ്മ മാത്രമല്ല എന്തെല്ലാം കാര്യങ്ങളാ ഇപ്പോഴത്തെ കുട്ടികൾ ചെയ്യുന്നത്. എന്നിട്ട് അവരിൽ എത്രപേരാകും കല്യാണം കഴിക്കുന്നത്. വളരെ തുച്ഛം.
ഇതിപ്പോ അവൾ ഇങ്ങോട്ടുവന്നു ബലത്തിൽ ഉമ്മവച്ചതല്ലേ. നീ ഉത്തരവാദിയല്ല. നമ്മളൊക്കെ കുട്ടികളായിരുന്നപ്പോൾ എത്രയോ പേർ നമ്മളെ ഉമ്മവച്ചുകാണും, അവരെയെല്ലാം നമ്മൾ കെട്ടാൻ പോകുവാണോ- കണ്ണേട്ടൻ ചോദിച്ചു. സഞ്ജുവിന് ഉത്തരം മുട്ടി.
എന്നാലും കണ്ണേട്ടാ ഞാൻ ചന്ദ്രോത്തുതറവാട്ടിലെ കുട്ടിയല്ലേ. ബ്രഹ്‌മചര്യം കല്യാണം വരെ പാലിക്കണമെന്നല്ലേ ഇവിടത്തെ നിയമം-സഞ്ജു ദീനനായി പറഞ്ഞു.
ഒന്നു പോ ചെറുക്കാ, ചന്ത്രോത്തു തറവാടെന്നാൽ സുപ്രീം കോടതിയൊന്നുമല്ലല്ലോ, നിയമങ്ങളൊക്കെ പാലിക്കാൻ. നിന്‌റെ പൂർവികൻ വരദരാജപെരുമാൾ ആളൊരു നല്ല കാട്ടുകോഴിയായിരുന്നു. നിന്‌റെ വല്യമ്മുമ്മമാരുൾപ്പെടെ നാട്ടിൽ തന്നെ രണ്ടുഭാര്യമാർ. ഇന്ത്യയിൽ പലയിടത്തും പുള്ളിക്ക് കാമുകിമാരൊക്കെയുണ്ടായിരുന്നു. അങ്ങേര് ആ കോലാപ്പൂരി ബാബയെ പരിചയപ്പെട്ടതുകൊണ്ടല്ലേ ഈ തറവാട്ടിൽ ബ്രഹ്‌മചര്യമൊക്കെ വന്നത്-കണ്ണേട്ടൻ പുഴയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
സഞ്ജു മുഖം കുനിച്ചുനിന്നു.