അമ്പലത്തിൽ ഒരു ഉത്സവത്തിന് ഉള്ള ആൾ ഉണ്ടായിരുന്നു. ഉത്സവത്തിന് പിന്നെ അങ്ങനെ അല്ലേ വരുള്ളൂ.. ഞാൻ എന്റെ ഉള്ളിൽ തന്നെ ഒരു ഹാസ്യം പൊട്ടിച്ചു. കൊടിയേറ്റത്തിന് മുമ്പ് കവലയിൽ നിന്നും താലം അമ്പലത്തിൽ വന്നു കയറും. ഞാനും സച്ചുവും അത് വഴി കറങ്ങി അടിച്ചു നടക്കുമ്പോ അവന്റെ ചേച്ചിയെയും ജസ്‌നിത്തയെയും വഴിയിൽ വച്ചു കണ്ടു. ചിത്തു ചേച്ചിക്ക് അമ്പലത്തിൽ കയറാൻ പറ്റാത്ത കൊണ്ട് പുറത്ത് നിന്ന് കാണാൻ വന്നതാണ്. ജസ്‌നിത്തയുടെ കൂടെ ആമിയും ഉണ്ട്. റംല ഇത്തയും ആയിഷക്കുട്ടിയും ആ തിരക്കിൽ എവിടെയോ ഉണ്ട്..
കവലയിൽ നിന്ന് വരുന്ന താലം റോഡിൽ നിന്നും അമ്പലത്തിലേക്ക് തിരിയുകയാണ്. വഴിയിൽ നിന്ന് ഞങ്ങൾ അതെല്ലാം കണ്ടു കൊണ്ടിരുന്നു. പൊന്മലയിലെ ഹിന്ദു സുന്ദരിമാർ എല്ലാം താലം എടുക്കാൻ ഉണ്ട്. എല്ലാവരെയും ഞാൻ നല്ലത് പോലെ വായ് നോക്കി. വേദുവും മീതുവും ഒരേപോലെ ഉള്ള മഞ്ഞ പട്ടുപാവാട ആയിരുന്നു ഇട്ടത്. അതിന് പിന്നിൽ ഗോപു ചേച്ചി ഒരു ചുവന്ന പട്ടു പാവാട ഇട്ടു നിന്നു. അതിന് പിന്നിൽ എന്റെ ചേച്ചി ഒരു ദാവണി അണിഞ്ഞു നിൽപ്പുണ്ട്. അവർക്ക് പിന്നിൽ ഗായത്രി ചേച്ചിയും ആര്യ ചേച്ചിയും.. ആര്യ ചേച്ചിയുടെ പിന്നിൽ നയന ചേച്ചിയാണ്. അമ്പലത്തിൽ മാല കെട്ടുന്ന ആളുടെ മോളാണ്.. നയന ചേച്ചിക്ക് പിന്നിൽ ജാനു ചേച്ചി. ജാനു ചേച്ചി സാരി ആണ് ഉടുത്തിരിക്കുന്നത്.. അതിന് പിന്നിൽ.. അതിന് പിന്നിൽ…
അതിന് പിന്നിൽ ഉള്ള ആളെ എനിക്ക് കാണാൻ കഴിഞ്ഞില്ല. മുന്നിൽ പെട്ടന്ന് ഒരു തിരക്ക് വന്നത് കൊണ്ട് എന്റെ കാഴ്ച്ച മറഞ്ഞു. എനിക്ക് മുന്നിൽ നിൽക്കുന്ന ചേട്ടന്മാർ പതിയെ മന്ത്രിക്കുന്നത് ഞാൻ കേട്ടു..