അപ്പോൾ പറഞ്ഞു കേട്ടത് പോലെ ആൾ പുലി ആണ്. ഞാൻ ആരാധനയോടെ ശിവ ചേച്ചിയെ നോക്കി. പക്ഷെ പറഞ്ഞു കേട്ടത് പോലെ സുന്ദരി ആണോന്ന് എനിക്ക് പറയാൻ കഴിഞ്ഞില്ല. കാരണം മുഖം മുഴുവൻ മഞ്ഞൾ തേച്ചു പിടിപ്പിച്ചേക്കുവല്ലേ.. കാണാൻ ഓടി വന്നിട്ട് മുഖം കാണാൻ പറ്റാത്ത നിരാശ എനിക്ക് തോന്നി. ഞാൻ ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചു. ചേച്ചി പക്ഷെ തിരിച്ചു ചിരിച്ചതായി എനിക്ക് തോന്നിയില്ല..
‘ദേ ഈ പുള്ളിയെ മനസ്സിലായോ…?
ജാനു ചേച്ചി എന്നെ ചൂണ്ടി അനിയത്തിയോട് ചോദിച്ചു
‘നന്ദു അപ്ന….!
ശിവേച്ചി അത് പറഞ്ഞപ്പോൾ ചെറുതായ് ഒന്ന് ചിരിച്ചത് പോലെ എനിക്ക് തോന്നി. എനിക്ക് സന്തോഷം കൊണ്ട് ചാടി മറിയാൻ തോന്നി..
‘നിന്നേ കാണാൻ വേണ്ടി വന്നതാ ഇവൻ.. എന്നോട് എപ്പോളും തിരക്കും നീയെപ്പോളാ വരുന്നേ വരുന്നേ എന്ന്..’
ജാനു ചേച്ചി പറഞ്ഞു
‘നമുക്ക് പിന്നേ ശരിക്കും കാണാം. ഞാൻ ഈ മോന്തക്ക് ഉള്ളത് കഴുകി കളയട്ടെ…’
ശിവേച്ചി എന്നെ നോക്കി പറഞ്ഞു..
‘ഡി അവിടെ ഇരിക്കാതെ മഞ്ഞൾ വേണേൽ വാ…’
ചേച്ചി ഗായത്രി ചേച്ചിയെ വിളിച്ചു..
‘നിനക്ക് വേണോടാ കസ്തൂരി മഞ്ഞൾ….?
ജാനു ചേച്ചി ചോദിച്ചു
വേണ്ട. അതിട്ടാൽ അവന് മീശയും താടിയും ഒന്നും വളരില്ല…’
ശിവ ചേച്ചി പറഞ്ഞു.. എന്നിട്ട് റൂമിലേക്കു പോയി..
എനിക്ക് എന്തോ വലിയ സന്തോഷം ആയി. മുഖം കാണാൻ പറ്റിയില്ല എങ്കിലും ചേച്ചിയുടെ കൂടെ മിണ്ടാൻ പറ്റി. ചേച്ചിക്ക് എന്നെ അറിയാം.. ചേച്ചി മുഖം കഴുകി കളഞ്ഞു കുളിച്ചിട്ട് വരുമ്പോൾ ഒന്ന് കൂടി കാണാം. ഞാൻ പ്ലാൻ ചെയ്തു. പക്ഷെ സച്ചു പ്ലാൻ തകർത്തു. അവൻ എന്നെ നോക്കി ഇങ്ങോട്ട് വന്നു. കൂടെ അവന്റെ ചേച്ചി ചൈതന്യയും ഉണ്ടായിരുന്നു. ചിത്തു ചേച്ചി എന്ന് വീട്ടിൽ വിളിക്കും. ചിത്തു ചേച്ചി ജസ്‌ന ഇത്തയുടെ വലിയ കൂട്ടുകാരി ആണ്.. അവിടേക്ക് വന്നതാണ്.. അവൻ വന്നപ്പോൾ എനിക്ക് ഇവിടെ നിക്കാൻ പറ്റാതായി. അവനെന്നെ നിർബന്ധിച്ചു അമ്പലത്തിലേക്ക് കൊണ്ട് പോയി.. സൈക്കിളിൽ ഞങ്ങൾ അമ്പലത്തിലേക്ക് തിരിച്ചു..