ഗായത്രി ചേച്ചി പറഞ്ഞു
‘എന്ത് ഇട്ടാലും ഈ മോന്ത തന്നെ അല്ലേ…?
പെട്ടന്ന് ആര്യ ചേച്ചി ഗായത്രി ചേച്ചിയെ കളിയാക്കി പറഞ്ഞു. ഇവരെ പോലെ സുന്ദരി അല്ല ഗായത്രി ചേച്ചി. അത് കേട്ടപ്പോൾ ചേച്ചിക്ക് നല്ല വിഷമം ഉണ്ടായത് എനിക്ക് അറിയാൻ പറ്റി. സൗന്ദര്യം ഇല്ലെന്ന് വച്ചു കളിയാക്കണോ…? ഞാൻ ഉള്ളിൽ ചോദിച്ചു
‘അവളുടെ മോന്തക്ക് എന്താ കുഴപ്പം……..?
പെട്ടന്ന് മുറിയിൽ നിന്ന് ഒരു ശബ്ദം ഞാൻ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ മുഖം ആസകലം കസ്തൂരി മഞ്ഞൾ തേച്ച ഒരു പെൺകുട്ടി മുറിയിൽ നിന്നിറങ്ങി വന്നു. ഈ മധുരമായ ശബ്ദം എനിക്ക് മറക്കാൻ കഴിയില്ല. അന്ന് ഫോണിൽ സംസാരിച്ചപ്പോൾ മുതൽ ഈ ശബ്ദം എന്റെ മനസ്സിൽ ഉണ്ട്.. ഇനി എനിക്ക് ആളെ തെറ്റില്ല. ഞാൻ കാണാൻ ഓടി വന്ന ആൾ ഇത് തന്നെ.. ശിവദ ചേച്ചി.. അതായത് ശിവേച്ചി…!
‘ നിന്റെ മോന്തയേക്കാൾ ഭംഗി ഉണ്ട് അവൾക്ക്..’
ശിവേച്ചി നിർത്തിയില്ല. ചേച്ചി അത് പറഞ്ഞപ്പോ ആര്യ ചേച്ചിയുടെ മുഖം പെട്ടന്ന് വാടി. തിരിച്ചു ഒന്നും പറയാതെ ആര്യ ചേച്ചി പെട്ടന്ന് അടുക്കളയിലേക്ക് വലിഞ്ഞു. വീരശൂരപരാക്രമി ആണെന്ന് ഇവിടെ എല്ലാവരും പറഞ്ഞു ഞാൻ കേട്ടിരുന്നു. അതിന്റെ ശൗര്യം ഇപ്പൊ ചെറുതായ് ഒന്ന് അറിയാൻ കഴിഞ്ഞു.. ആര്യ ചേച്ചിയുടെ അത്ര ഭംഗി ഒന്നുമില്ല ഗായത്രി ചേച്ചിക്ക് എന്ന് എല്ലാവർക്കും അറിയാം. പക്ഷെ ശിവേച്ചി അത് പറഞ്ഞപ്പോ ആര്യ ചേച്ചി ഒന്നും തിരിച്ചു പറയാൻ പോയില്ല. കാരണം വെറുതെ ഗായത്രി ചേച്ചിയെ കളിയാക്കാൻ പോയിട്ടാണ് വടി കൊടുത്തു അടി വാങ്ങിയത് എന്ന് ആര്യ ചേച്ചിക്ക് അറിയാം…