വൈകുന്നേരം കോടിയേറ്റിന് ഒരുമിച്ച് പോകാമെന്നു സച്ചു പറഞ്ഞു. അവനൊരു പഴയ സൈക്കിൾ ഉണ്ട്. അതിൽ പോകാം. ഞാൻ അതിന് ശരിയും പറഞ്ഞു. കൊടിയേറ്റ് കാരണം കളികൾ ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് രേഷ്മയോട് മര്യാദക്ക് സംസാരിക്കാനും അന്ന് പറ്റിയില്ല. എല്ലാവരും അന്ന് ഓരോരോ തിരക്കുകളിൽ ആണ്. വൈകുന്നേരം കുളിച്ചു റെഡി ആയി അമ്പലത്തിൽ പോകാൻ ആയിട്ട് നിൽക്കുമ്പോ ആണ് അമ്മയും റംല ഇത്തയും കൂടി എന്തോ സംസാരിക്കുന്നത് ഞാൻ കേട്ടത്. ശ്രദ്ധിച്ചപ്പോൾ ശിവദ ചേച്ചിയെ പറ്റിയാണ്.. ചേച്ചി വന്നിട്ടുണ്ടെന്ന്….!
‘ശിവ ചേച്ചി വന്നോ….?
ഞാൻ അമ്മയോട് പോയി ചോദിച്ചു
‘ആ.. അവൾ ഉച്ച ആയപ്പോൾ വന്നല്ലോ…’
റംല ഇത്ത ആണ് മറുപടി പറഞ്ഞത്
ഉച്ച ആയപ്പോൾ വന്നോ..? എന്നിട്ട് എന്നോട് ആരും ഒന്നും പറഞ്ഞില്ലല്ലോ. അല്ലേൽ തന്നെ എന്നോട് എന്തിന് പറയണം.. ചേച്ചിയെ കാണാൻ പൂതി മുട്ടി ഇരിക്കുന്ന കാര്യം എനിക്കല്ലേ അറിയൂ. ഇന്ന് പാലയ്ക്കൽ ഒന്ന് കയറി പോലുമില്ല.. അതാണ് അവിടുത്തെ അനക്കം ഒന്നും അറിയാഞ്ഞത്. ഞാൻ അങ്ങോട്ട് പോകുന്നതിന് മുമ്പ് എന്റെ മുഖം കണ്ണാടിയിൽ ഒന്ന് നോക്കി. മുടി ഒന്ന് കൂടി മെന ആക്കി ഒരു കുറിയും തൊട്ട് ഞാൻ പാലയ്ക്കലേക്ക് നടന്നു.. ഞാൻ എന്താ പെണ്ണ് കാണാൻ പോകുവാണോ..? എനിക്ക് തന്നെ സംശയം ആയി.. ശിവ ചേച്ചിയെ കാണാൻ പോകുന്നതിന് ഇത്രയും ഒരുക്കം ഒക്കെ എന്തിനാണ്..? എനിക്ക് തന്നെ മനസിലായില്ല. എന്തായാലും മിസ്സ് പൊന്മലയെ കാണാൻ പോകുവല്ലേ, നമ്മളും കുറച്ചു ഗ്ലാമർ ആയിരിക്കട്ടെ എന്ന് ഞാൻ കരുതി..