ഞങ്ങൾ ഓടി കയറിയത് ജസ്‌നിത്തയുടെ മുറിയിലേക്ക് ആണ്. ഇത്തയെ അവിടെ കണ്ടില്ല.. ഇത്തയുടെ മുറിയിൽ ഒരു ജനൽ ഉണ്ട്. അതിലെ ഗ്ലാസിന്റെ പ്രത്യേകത എന്തെന്ന് വച്ചാൽ അകത്തു നിന്ന് നമുക്ക് പുറത്തുള്ളത് കാണാം. പക്ഷെ പുറത്ത് നിക്കുന്നവർക്ക് അകത്തുള്ളവരെ കാണാൻ പറ്റില്ല. അകത്തു ലൈറ്റ് ഇട്ടാൽ മാത്രം പുറത്ത് ഉള്ളവർക്ക് കാണാം. അങ്ങനെ ഒരു പ്രത്യേക ഗ്ലാസ്സ് ആണ് അത്. ഞങ്ങൾ അതിലൂടെ പുറത്തേക്ക് നോക്കി. സ്നേഹ ചേച്ചി മിക്കവരെയും കണ്ടു സാറ്റ് വച്ചിട്ടുണ്ട്. അവസാനം ഞങ്ങൾ രണ്ട് പേരും മാത്രം ഉണ്ട് കണ്ടു പിടിക്കപ്പെടാൻ.. എങ്ങനെയോ സൂചന കിട്ടി സ്നേഹ ചേച്ചി ഇവിടേക്ക് ആണ് വരുന്നത്. ഞങ്ങൾ ഇങ്ങോട്ട് ആണ് ഓടിയതെന്ന് ചേച്ചിക്ക് മനസിലായിട്ടുണ്ട്. ജനലിൽ കൂടി ഞങ്ങൾ ചേച്ചിയെ വീക്ഷിച്ചു..
‘ഇത്ത.. ഇങ്ങോട്ട് അവർ വന്നിരുന്നോ..?
അകത്തേക്ക് വന്നു പതിയെ സ്നേഹ ചേച്ചി ഞങ്ങളെ തിരക്കി..
‘ഇങ്ങോട്ട് വന്നില്ല മോളെ…’
ഇത്ത പറഞ്ഞു. ശബ്ദം ഉണ്ടാക്കാഞ്ഞത് നന്നായി എന്ന് ഞങ്ങൾക്ക് മനസിലായി.. പെട്ടന്ന് ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം ഞങ്ങൾ കേട്ടു. ജസ്‌നിത്തയുടെ മുറിയിൽ ആണ് ഇവിടെ ബാത്രൂം ഉള്ളത്. ഇത്ത ആകും ഉള്ളിൽ.. രേഷ്മ എന്നോട് ശബ്ദം ഉണ്ടാക്കരുത് എന്ന് വിരൽ ചൂണ്ടി പറഞ്ഞു.
‘ഇങ്ങോട്ട് വന്നെന്നാ ചിറ്റ പറഞ്ഞെ..’
അത് വിശ്വാസം വരാതെ സ്നേഹ ചേച്ചി വീടിന് അകത്തേക്ക് കയറി. മുറിയിലേക്ക് വന്നാൽ ഞങ്ങളെ കാണുമെന്നു ഉറപ്പുള്ളത് കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഞാനും രേഷ്മയും പരസ്പരം നോക്കി. പിടി കൊടുക്കണോ…? സ്നേഹ ചേച്ചിയേ കണ്ടു പിടിക്കാൻ എപ്പോളും നല്ല പാടാണ്. അത് കൊണ്ട് ചേച്ചി എണ്ണേണ്ടി വരുന്നത് വല്ലപ്പോഴും ആണ്. അപ്പോൾ ചേച്ചി കുറച്ചു കൂടി എണ്ണി പഠിക്കട്ടെ എന്ന് എനിക്ക് തോന്നി. ഞാൻ ജസ്‌നിത്തയുടെ കട്ടിലിന് അടിയിലേക്ക് നുഴഞ്ഞു കയറി.. സ്നേഹ ചേച്ചി ഇങ്ങോട്ട് വരുമെന്ന് മനസിലാക്കി രേഷ്മയും എനിക്ക് പിന്നാലെ കട്ടിലിന് അടിയിലേക്ക് നൂണ്ടു..