എൽ ഡൊറാഡോ 2 [സാത്യകി]

Posted by

 

എഴുതിയത് മുഴുവൻ ഞാൻ സ്നേഹ ചേച്ചിയോട് ചെയ്ത തെറ്റിനെ കുറിച്ച് ആയിരുന്നു. എങ്ങനെ എഴുതണം എന്നൊന്നും എനിക്ക് പിടി ഇല്ലായിരുന്നു. മനസിൽ വന്ന സങ്കടം അപ്പാടെ ഞാൻ പേപ്പറിൽ പകർത്തി. ഇത്രക്ക് വിവരിച്ചു എഴുതാൻ മാത്രം എന്താണ് ഞാൻ മീതുവിനോട് ചെയ്തത് എന്ന് വേദുവിന് വരെ സംശയം ആയി. ഞാൻ ഭയങ്കര പാവം ആണെന്ന് അവൾക്ക് തോന്നി കാണണം. കാണിച്ച തോന്നിവാസം എത്ര വലുതാണ് എന്ന് എനിക്കല്ലേ അറിയൂ..

 

അങ്ങനെ എഴുതി കഴിഞ്ഞു പേപ്പർ മടക്കി ഞാൻ പോക്കറ്റിൽ ഇട്ടു. കളി കഴിഞ്ഞു മുഷിഞ്ഞത് കൊണ്ട് പെട്ടന്ന് ആറിൽ പോയി മുങ്ങി കുളിച്ചിട്ടാണ് ഞാൻ മുത്തപ്പൻ കാവിലേക്ക് പോയത്. ഒപ്പം എന്റെ കൂടെ വേദുവും വന്നു. എങ്ങനെ ആണ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞു തരാൻ ഒരാൾ വേണമല്ലോ.. ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ ആയിരുന്നു പിച്ചിക്കാവിലെ മുത്തപ്പൻ അരുളിയിരുന്നത്. അതേത് മരമാണ് എന്ന് എനിക്ക് മനസിലായില്ല. നല്ല വലുപ്പം ഉണ്ട്, ഒരു അഞ്ചാറു പേര് വട്ടം നിന്ന് ചുറ്റിപ്പിടിക്കാൻ മാത്രം വണ്ണം ഉണ്ട്. ഏതോ കായയും ഉണ്ട്. പിന്നെ താഴേക്ക് പടർന്നു കിടക്കുന്ന വള്ളികളും.. താഴെ ആണെങ്കിൽ പെരുമ്പാമ്പിനെ പോലെ വലിയ വേരുകൾ പിണഞ്ഞു കിടക്കുന്നു. വേരുകൾക്കും വള്ളികൾക്കും പന്തലിച്ചു നിൽക്കുന്ന കാവിലേക്ക് കയറുമ്പോ ആകെ മൊത്തം ഒരു ഗുഹയിൽ പെട്ടത് പോലെ ആണ് തോന്നുക..

 

അവിടെ ഇവിടെയായി കുറച്ചു മഞ്ഞൾ കിടപ്പുണ്ട്. കരി പിടിച്ച കൽവിളക്ക് ഒരെണ്ണം മുത്തപ്പന്റെ മുന്നിൽ ഉണ്ട്. അത് എന്നും തെളിയിക്കാറില്ല. വൃക്ഷത്തിന്റെ ചുവട്ടിൽ ഒരു മിനുസമുള്ള കല്ല് ഉണ്ട്. അതാണ് ഇവിടെ എല്ലാവരും ആരാധിക്കുന്ന മുത്തപ്പൻ. വേദുവിന് ഒപ്പം ഞാനും മുത്തപ്പനെ തൊഴുതു.. അവിടെ ഇവിടെ ആയി കുറച്ചു പേപ്പർ കഷ്ണം കിടക്കുന്നുണ്ട്. ഇത് പോലെ പലരും വന്നു ഏറ്റ് പറഞ്ഞതാണ്.. എല്ലാ കുറ്റവും ഏറ്റ് മുത്തപ്പൻ അവരോട് ക്ഷമിച്ചിരിക്കണം..

Leave a Reply

Your email address will not be published. Required fields are marked *