മീതു പിടി വിട്ടപ്പോൾ വേദു മാല അഴിച്ചു അവളുടെ കയ്യിൽ കൊടുത്തു
‘എടുത്തോണ്ട് പോ കൊക്കോപ്പുഴു…’
വേദു സഹോദരിയെ കളിയാക്കി പറഞ്ഞു
‘കൊക്കോപ്പുഴുവോ…?
പെട്ടന്ന് അത് കേട്ട് ഞാൻ അറിയാതെ ചിരിച്ചു.
മീതു പെട്ടന്ന് തിരിഞ്ഞു എന്നെ ഒന്ന് ദഹിപ്പിക്കുന്ന പോലെ നോക്കി. അവളുടെ ഇരട്ടപ്പേര് ആണ് കൊക്കോപ്പുഴു. ചെറുപ്പത്തിൽ വിരശല്യം ഉള്ളപ്പോൾ തൊട്ട് അവൾക്ക് വീണ പേരാണ്. അത് അവളെ ദേഷ്യം പിടിപ്പിക്കാൻ ഇവിടെ പലരും വിളിക്കുന്നുണ്ട് ഇപ്പോളും. ഞാൻ അറിയാതെ അത് എടുത്തു ചോദിച്ചത് അവൾക്ക് ഇഷ്ടം ആയിട്ടില്ല
‘കളിയാക്കിയാൽ ഞാൻ എന്റെ അച്ഛനോട് പറഞ്ഞു കൊടുക്കും.. കേട്ടല്ലോ…?
എന്നെ ദഹിപ്പിച്ചു നോക്കി രൂക്ഷമായി ഇങ്ങനെ പറഞ്ഞിട്ട് മീതു അകത്തേക്ക് കയറി പോയി.
ഞാൻ ആകെ വല്ലാതായി.. അവളെ കളിയാക്കാൻ വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ല. വേദു പറഞ്ഞപ്പോ അതെന്താ എന്നറിയാൻ വേണ്ടി ഒന്ന് ചോദിച്ചു എന്ന് മാത്രം. അതിന് അവൾ അച്ഛനോട് പറയും എന്നൊക്കെ പറഞ്ഞിട്ട് പോകേണ്ട കാര്യം ഉണ്ടോ..? എന്റെ നിൽപ്പ് കണ്ടിട്ട് ആകണം വേദു എന്റെ അടുത്തേക്ക് വന്നു
‘അവൾ ചുമ്മാ പറയുന്നതാ. അച്ഛനോട് പറഞ്ഞാലും അച്ഛൻ നന്ദുവിനെ ഒന്നും പറയില്ല. അവളെ ഇവിടെ എല്ലാവരും ആ പേരിട്ട് വിളിക്കുന്നതാ..’
വേദു എന്നോട് പറഞ്ഞു.
അത് ശരി ആകണം. ഇവരുടെ അച്ഛൻ രാമകൃഷ്ണൻ അങ്ങനെ ആരോടും ദേഷ്യപ്പെടുന്ന സ്വഭാവക്കാരൻ ഒന്നുമല്ല. അതെനിക്കും അറിയാം. പക്ഷെ അവൾ അങ്ങനെ പറഞ്ഞതിൽ ഉള്ള വിഷമം ആണ് എനിക്ക്. അതിലും വലിയ വിഷമം ആയി സ്നേഹ ചേച്ചിയോട് ചെയ്ത പോക്രിത്തരം ഉള്ളിൽ കിടക്കുന്നു. ആകെ മൊത്തം ഒരു കൊലപാതകം ചെയ്ത പോലെ ആയി എന്റെ മുഖം