‘ഞാൻ ആദ്യം കരുതി എന്നോട് എന്തോ ഇഷ്ടം ഇല്ലാത്ത കൊണ്ടാണ് മിണ്ടാൻ വരാത്തത് എന്ന്..’
മീതു മിണ്ടാൻ കൂട്ടാക്കാത്തതിനെ പറ്റി ഞാൻ മായ ചിറ്റയോട് പറഞ്ഞു
‘അവൾ അങ്ങനെ ആട.. അല്ലാതെ നന്ദു അപ്നയോട് ആർക്കാ ഇവിടെ ഇഷ്ടക്കുറവ്..?
മായ ചിറ്റ ചിരിയോടെ എന്നോട് പറഞ്ഞു
‘ഇവിടെ എല്ലാർക്കും എന്നോട് ഇഷ്ടമാ.. നാട്ടിൽ ഒക്കെ ആണേൽ എന്റെ ശരിക്കുള്ള ബന്ധുക്കൾ പോലും എന്നെ ഇഷ്ടം അല്ല..’
ആദ്യമായ് ആവണം എന്റെ നാവിൽ നിന്ന് നാട്ടിലെ കാര്യങ്ങൾ ഒക്കെ വീണു
‘അവരൊക്കെ എന്തിനാ..? ഞങ്ങളൊക്കെ ഇല്ലേ..’
വേദു സ്നേഹത്തോടെ എന്നോട് പറഞ്ഞു
‘നിങ്ങൾടെ ഒക്കെ സ്നേഹം കാണുമ്പോൾ എന്നെ ഇവിടെ കുറേ നാളായി അറിയുന്ന പോലെ ആണെന്ന് തോന്നും..’
ഞാൻ പറഞ്ഞു
‘നീ പിന്നെ ഇവിടോട്ട് വന്നപ്പോൾ ആണോ ഞങ്ങൾ നിന്നേ കുറിച്ച് അറിയുന്നത് എന്നാണോ നിന്റെ വിചാരം…?
മായ ചിറ്റ എന്നോട് ചോദിച്ചു
‘എന്നെ ഇവിടെ വരുന്നതിന് മുന്നേ എങ്ങനെ അറിയാം….?
ഞാൻ സംശയത്തോടെ ചോദിച്ചു. അതിന് മറുപടി പറയണോ വേണ്ടയോ എന്ന് ഒന്ന് ആലോചിച്ച ശേഷം മായ ചിറ്റ പറഞ്ഞു
‘നിന്നേ കണ്ടിട്ടില്ല എങ്കിലും പണ്ട് മുതലേ ഞങ്ങൾക്ക് എല്ലാം അറിയാം. നിന്റെ അച്ഛൻ നിന്റെ കാര്യം ഇടയ്ക്ക് പറയുമായിരുന്നു.. പക്ഷെ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് സ്നേഹാപ്പി ആണ്..’
മായ ചിറ്റ തുടർന്നു
‘നിന്റെ ചേച്ചി അവൾക്ക് പത്തു വയസ്സ് ഉള്ളപ്പോൾ തൊട്ട് അനിയന്റെ കാര്യം പറയുന്നത് എനിക്ക് ഓർമ ഉണ്ട്.. അവളും കണ്ടിട്ടില്ല. പക്ഷെ അച്ഛന്റെ വായിൽ നിന്ന് കിട്ടിയത് വച്ചു അനിയൻ ഉണ്ട്, സുന്ദരൻ ആണ് ജീവനാണ് എന്നൊക്കെ പറഞ്ഞു നടക്കും. വലുതായിട്ടും അവൾ അത് നിർത്തിയില്ല.. അങ്ങനെ ഞങ്ങളുടെ ഒക്കെ സംസാരത്തിൽ നീ മിക്കപ്പോഴും വരുമായിരുന്നു.. അത് കൊണ്ട് തന്നെ നീ ഇവിടെ വന്നപ്പോൾ ഒരു അന്യനെ പോലെ ഇവിടെ ആർക്കും തോന്നില്ല..’