‘..ഡും ഡും..’
ഗോപു ചേച്ചി കളി തുടങ്ങി
‘ആരാണ്..?
ഞങ്ങൾ ഒരേ സ്വരത്തിൽ ചോദിച്ചു
‘മാലാഖ..’
ഗോപു ചേച്ചി പറഞ്ഞു. ഗോപു ചേച്ചിയാണ് ഈ കളിയിൽ മാലാഖ. ഞങ്ങളെ പിടിക്കാൻ വരുന്ന ആൾ.
‘എന്തിന് വന്നു…?
ഞങ്ങൾ ചോദിച്ചു
‘നിറത്തിന് വന്നു…’
ഗോപു ചേച്ചി പറഞ്ഞു..
‘ഏത് നിറം..?
ഞങ്ങൾ ചോദിച്ചു.. ഇനി നിറം പറഞ്ഞാൽ അത് തൊടുന്ന വരെ ഗോപിക ചേച്ചി ഞങ്ങളുടെ പിറകെ വരും..
‘ചുവപ്പ്….’
നിറം പറഞ്ഞതും ഗോപു ചേച്ചി ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞടുത്തു.. നിറം കിട്ടിയതും ഞങ്ങൾ എല്ലാം ചിതറി ഓടി.. ഇങ്ങനെ ആണ് കളി.. നല്ല രസമുണ്ട് ഈ കളിക്ക്.. ഇവരേക്കാൾ ഒക്കെ വേഗത എനിക്ക് ഉള്ളത് കൊണ്ട് എന്നെ തൊടുക ഇവർക്ക് പറ്റുന്ന കാര്യം ആയിരുന്നില്ല. അത് കൊണ്ട് എല്ലാ തവണയും ഞാൻ രക്ഷപെട്ടു കൊണ്ടിരുന്നു. പക്ഷെ എന്റെ ബുദ്ധി പ്രവർത്തിച്ചത് കുറച്ചു താമസിച്ചാണ്. ഇങ്ങനെ ജയിച്ചു കൊണ്ടിരുന്നിട്ട് എന്ത് കാര്യം.. ഒന്ന് തോറ്റു കൊടുത്താൽ ആണ് ജയം ശരിക്കും കിട്ടുക.. ഞാൻ മനസ്സിൽ കുറച്ചു പദ്ധതികൾ തയ്യാറാക്കി..
നീല നിറം പറഞ്ഞു വേദു മാലാഖ വന്നപ്പോൾ വേഗത കുറച്ചു ഞാൻ അവൾക്ക് ആദ്യമേ പിടി കൊടുത്തു. അവൾ എന്തോ വലിയ കാര്യം സാധിച്ചെന്ന പോലെ സന്തോഷത്തിൽ തുള്ളിചാടി.. എന്നെ ഓടി തോൽപ്പിച്ചു എന്നതിന്റെ സന്തോഷം ആണ്. ഞാൻ ആണേൽ അണച്ചത് പോലെ അഭിനയിച്ചു. ആ കളി അവസാനിച്ചു കഴിഞ്ഞു ഞാനാണ് മാലാഖ ആയി വരേണ്ടത്.. എല്ലാവരെയും പോലെ ഞാനും ഒരു നിറം തിരഞ്ഞെടുത്തു..