പക്ഷേ റെനീഷ നേരെ തിരിച്ചായിരുന്നു . തന്നെക്കാൾ 3 വയസ് മാത്രം എളുപ്പമുള്ള അനിയൻ ചെക്കന വരച്ചവരയിൽ നിർത്തുമായിരുന്നു . അവനെ ട്യൂഷൻ എടുത്തിരുന്നതും , പുല്ലാനികനാലിൽ വെച്ച് നീന്താൻ പഠിപ്പിച്ചതും , സൈക്കിൾ ചവിട്ടാനും , ആദ്യമായി സ്കൂട്ടി ഓടിക്കാൻ അവനെ പഠിപ്പിച്ചതുമെല്ലാം റെനീഷയായിരുന്നു .
ചെറുപ്പത്തിൽ അവൻ വികൃതി കാട്ടിയാൽ നല്ല ചുട്ട പെട അവനിട്ട് കൊടുക്കാനും റെനീഷ മറന്നിട്ടില്ല . ആ പേടി ചെറുതായിട്ട് ഇന്നും അവന് ഇത്താത്തയോടുണ്ട് .
ഈ അടുത്ത കാലത്ത് ഒരു പെൺകുട്ടി അവളെ അനിയൻ ചെക്കൻ ശല്യം ചെയ്യുന്നു എന്ന് റെനീഷയോട് വന്ന് പറഞ്ഞതും വാപ്പയുടെ മുന്നിൽ വെച്ച് തന്നെ റെനീഷ റെയ്ഹാൻ്റെ ചെവിക്കല്ല് നോക്കി രണ്ടെണ്ണം കൊടുത്തതാണ് .
കണ്ട് നിന്ന സാക്ഷാൽ മൂർഖൻ ഷാജിവരെ ഒരക്ഷരം മിണ്ടാതെ വാ പൊളിച്ച് നിന്ന് പോയി.
” എന്താ പാത്തൂട്ടി ഇത് … ഇങ്ങനെ കൈ കൊണ്ടാണാ കൊച്ചിനെ തല്ലുന്നത് ..? നിനക്ക് ഒരു വടി എടുത്ത് തല്ലിക്കൂടെ മോളെ”
റെയ്ഹാൻ്റെ ചെവി പൊത്തിയുള്ള ആ നിൽപ് കണ്ടിട്ട് ദയനീയ ഭാവത്തിൽ ഷാജി റെനീഷയോട് ചോദിച്ചു .
” കൊച്ചോ ? ഇവനോ ? ഹും !
വാപ്പി ഈ കാര്യത്തിൽ ഇടപെടണ്ട .. ഇവൻ ഒപ്പിക്കുന്ന പ്രശ്നങ്ങൾ വാപ്പിക്ക് പറഞ്ഞാൽ മനസിലാവില്ല . വന്ന് വന്ന് ഒരാളെയും ഇവന് പേടിയില്ലാതായിരിക്കുന്നു . ”
” എന്നാലും മുഖത്തൊക്കെ തല്ലുന്നത് ശരിയല്ല മോളെ ”
” വാപ്പിയും ഉമ്മിയും തല്ലി വളത്താഞ്ഞിട്ടാ എനിക്കത് ചെയ്യേണ്ടി വരുന്നത് . മനുഷ്യന് കോളേജിൽ തല ഉയർത്തി നടക്കാൻ പറ്റാതായിട്ടുണ്ട് . എൻ്റെ പ്രായമുള്ള എൻ്റെ കൂട്ടുകാരികളെ വരെ ഇവൻ കമൻ്റടിയാ പണി . വാപ്പിയെ പേടിച്ചിട്ടാ അവരുടെ വീട്ട് കാര് പോട്ടേന്ന് വെക്കുന്നത് . ഇനിയും എന്നെ നാണം കെടുത്താനാണ് പുന്നാര മോൻ്റെ ഉദ്ധേശമെങ്കിൽ … ഇവനെ കൊന്നിട്ട് ഞാൻ ജയിലിൽ പോവും പറഞ്ഞേക്കാം ..”