എന്നാണ് എന്നൊന്നും എനിക്ക് കൃത്യമായി ഓർമ്മയില്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോളാണ്. ഒരു ദിവസം ഉച്ചക്ക് പശുവിനെ മാറ്റി കെട്ടാൻ പോയ അച്ഛമ്മ പശു കയറും വലിച്ചോടിയപ്പോൾ പാടവരമ്പത്ത് തെന്നി വീണ് തുടയെല്ല് പൊട്ടി. അതേ കിടപ്പിൽ രണ്ട് മൂന്ന് മാസം നരകിച്ച് കിടന്ന് പാവം ദൈവസന്നിധി പൂകി. സാധാരണ പുറം പണിക്കുള്ളവരോ സുലോചന ചേച്ചിയോ ആണ് പശുക്കളുടെ കാര്യം നോക്കുന്നത്. സമയമായാൽ എന്തെങ്കിലും കാരണം വേണമല്ലോ. അതു കൊണ്ടാവും അച്ഛമ്മക്ക് തന്നെ പശുവിനെ വെയിലത്ത് നിന്നും മാറ്റി കെട്ടാൻ തോന്നിയത്. അല്ലെങ്കിലും വിധിയെ തടുക്കാൻ കഴിയില്ലല്ലോ.
ഏട്ടനില്ലാതെ ഒറ്റയായിപ്പോയ രേണു സ്നേഹം തേടി നടന്ന് കൊൽക്കത്തയിൽ വെച്ച് ഒപ്പം പഠിച്ച ആരെയോ പ്രേമിച്ച് കല്യാണം കഴിച്ചു. അത് അധികം വൈകാതെ ഡിവോഴ്സിലും കലാശിച്ചു. രേണുവിൻ്റെ കല്യാണത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല. ഞാനൊരിക്കലും ഒന്നും ചോദിച്ചിട്ടില്ല. രേണുവാണെങ്കിൽ എന്നോടൊന്നും പറഞ്ഞിട്ടുമില്ല. അല്ലെങ്കിലും എനിക്ക് ഒന്നിനേകുറിച്ചും കൂടുതലൊന്നും അറിയില്ല. ആരും എന്നോടൊന്നും പറയാറില്ല. ഞാൻ ആരോടും ഒന്നും ചോദിക്കാറുമില്ല. എൻ ഐ ടി യിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി കിട്ടിയതിനു ശേഷമാണ് രേണു അലച്ചിലൊക്കെ മതിയാക്കി തറവാട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയത്. അച്ഛച്ഛന് അന്നേ എഴുപത്തഞ്ച് കഴിഞ്ഞിരുന്നു. അച്ഛമ്മയുടെ മൂന്നാമത്തെ ആണ്ടിന് മുൻപേ അച്ഛച്ഛനും അച്ഛമ്മ പോയ വഴിയേ പോയി.