..അച്ഛൻ ഇത്ര പെട്ടന്ന് പോകുവാണോ..
ശ്യാമയുടെ ചോദ്യം കേട്ട് അച്ഛൻ പോകുവാണെന്നു അടുക്കളയിലിരുന്ന് മനസ്സിലാക്കിയ അജയൻ ഉള്ളാലെ സന്തോഷിച്ചു.എന്തോ വലിയൊരു മഴ പെയ്തൊഴിഞ്ഞ അവസ്ഥ.
..ഡീ മോളെ ഞാനിവിടെ സ്ഥിരതാമസത്തിനു വന്നതല്ല..
..എന്നാലും അച്ഛനിന്നലെയങ്ങോട്ടു വന്നതല്ലേ ഉള്ളൂ..
..ആ ഒരു ദിവസം താമസിച്ചില്ലെടി മോളെ.അവിടുത്തെ വീടിപ്പോ കളയാൻ പറ്റുവോ താമസമില്ലെങ്കി വെറുതെ കെടന്നു നശിച്ച് പോകാത്തല്ലേ ഉള്ളെടി..
..വെറുതേയിടണ്ടല്ലോ വന്ന സ്ഥിതിയ്ക്ക് കുറച്ചു ദിവസം താമസിച്ചിട്ടു പൊക്കുടേ അച്ഛന്.അത്രയും ദിവസം കൊണ്ടൊന്നും വീട് നശിച്ച് പോകാത്തതൊന്നുമില്ലല്ലോ..
അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു.അവളുടെ സങ്കടം സത്യമാണെന്നു ശിവൻകുട്ടിയ്ക്ക് മനസ്സിലായിരുന്നു.
..എന്തിയെ അവനെന്തിയെ അവനിന്നു ജോലിയ്ക്ക് പോകുന്നില്ലേ..
അച്ഛനെ പേടിച്ച് അടുക്കളയിൽ നിന്ന് പുട്ടു തട്ടിക്കൊണ്ടിരുന്ന അജയൻ പെട്ടന്ന് ഉമ്മറത്തേക്ക് വന്നു
..അയ്യോ ഉണ്ടച്ചാ ഞാനും ഇറങ്ങുവാ..
അച്ഛൻ പോകാൻ റെഡിയായ സന്തോഷം അവന്റെ ഓരോവാക്കുകളിലും മുഴച്ച് നിന്നിരുന്നു.
..ആ ആന്നോ എങ്കി വാടാ നമുക്ക് രണ്ടിനും ഒന്നിച്ചിറങ്ങാം.
അജയൻ ഞെട്ടിപ്പോയി
..ങേ ഒന്നിച്ചോ..ഞാൻ വേറെ വഴിക്കാ..
..അതിനിപ്പോ എന്താടാ നീ വേറെ പൊക്കോ അതു വരെ ഒന്നിച്ച് പൊക്കൂടെ..
..ആ ശരി..
അവനലസമായൊരു മറുപടി കൊടുത്തു.ശിവൻകുട്ടി നോക്കുമ്പോ ഇതൊന്നും ശ്രദ്ധിക്കാതെ ആകെ വിഷമിച്ചു നിറകണ്ണുകളോടെ ദൂരെയ്ക്ക് നോക്കി നിന്ന ശ്യാമയെ കണ്ട് അയാൾക്ക് വിഷമം തോന്നി.അയാൾ അവളെ വിളിച്ചു.