..അ.. അച്… അച്ഛനിപ്പോ വന്നു..
കിലുകിലാ വിറച്ച് കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ശ്യാമയ്ക്ക് ചിരി വന്നെങ്കിലും അവളുടെ മനസ്സിലും അച്ഛനെ ആദ്യം കണ്ടപ്പോ മനസ്സിൽ ഇത് തന്നെയാണല്ലോ തോന്നിയത് എന്നോർത്ത് ചമ്മല് തോന്നി.അപ്പോഴേക്കും അജയൻ നെഞ്ചു വരെ ഉയർത്തിക്കെട്ടിയ കൈലി അഴിച്ചു താഴ്ത്തി മര്യാദയ്‍ക്കുടുത്ത് വളരെ താഴ്മയോടെ നിന്നു.അച്ഛനെപ്പോ വന്നെന്നു രണ്ടാമതും അവനു ചോദിക്കാൻ പേടിയായിരുന്നു.അത് കൊണ്ട് തന്നെ അച്ഛനെന്തെങ്കിലും പറയട്ടെ എന്ന് കരുതി അവനും ഒന്നും മിണ്ടാതെ നിന്നു.രണ്ടു പേരുടെയും മൗനം കണ്ടു ശ്യാമ ഒന്നും പറയാതെ നിന്നു.എന്തായാലും അച്ഛന്റെ ഇത്രേം നേരത്തെ സംസാരത്തിൽ പേടിക്കാനൊന്നുമില്ല ഇനി എന്താണാവോ വന്നതിന്റെ ഉദ്ദേശ്യം എന്ന് മാത്രം അറിഞ്ഞാൽ മതി.ഇത്രേം ദൂരം വരണമെങ്കിൽ വന്നത് വെറുതെ ആയിരിക്കാനിടയില്ല.അച്ഛനായത് കൊണ്ട് ഒന്നുമങ്ങോട്ടു നേരിട്ട് ചോദിക്കാനും വയ്യ.ഇത്രേം ദൂരം വന്നിട്ട് ഒരു ചായ കൊടുക്കാൻ പോലും പാലില്ല.ആകെയിച്ചിരി തേയിലയും പഞ്ചാരയും ഇരിപ്പുണ്ട്.സാധനങ്ങൾ കുറവായതു കൊണ്ട് വൈകിട്ടത്തെ ചായ കൂടിയില്ല രാവിലെ ഒരു ഗ്ലാസ് കട്ടൻ ഉണ്ടാക്കി കൂടെ എന്തെങ്കിലും പേരിനു ഉണ്ടാക്കും തിന്നും അത്രേയുള്ളു.പിന്നെ ഉള്ള കാശു കൊണ്ട് കുഞ്ഞിനുള്ള സെറിലാക്ക് മേടിച്ചു വെച്ചിട്ടുണ്ട്.ഇപ്പൊ തങ്ങൾ കഴിച്ചില്ലെങ്കിലും കുഞ്ഞിന് ഒരു കുറവും വരുത്താൻ പറ്റില്ലല്ലോ.അതിനാകെ കരയാനല്ലേ അറിയൂ.അച്ഛൻ ജോലിക്കു വല്ലപ്പോഴുമേ പോകാറുള്ളൂ അതോണ്ട് കാശോന്നും ഇല്ല എന്ന് അതിനറിയില്ലല്ലോ.