..അതിനു കുഴപ്പമൊന്നുമില്ലെടി മോളെ.കാണാൻ രസമുണ്ട്.ഇച്ചിരി വലുപ്പം കുറച്ചാൽ മതി.അവൻ കുഞ്ഞല്ലേ അല്ലെങ്കിൽത്തന്നെ ഇതൊക്കെ ആര് നോക്കുന്നു.ഇങ്ങുതന്നെ അവനെ ഞാനൊന്നെടുത്തു നോക്കട്ടെ …
അവൾ കുഞ്ഞിനെ അച്ഛന്റെ കയ്യിലേക്ക് കൊടുത്തു.എന്നിട്ടു സൈഡിലായി കൈ താങ്ങായി കൊടുത്തു.ഇത് കണ്ട ശിവൻ കുട്ടി പറഞ്ഞു
..ഡീ മോളെ നീ താങ്ങുകയൊന്നും വേണ്ട കേട്ടോ നിന്റെ കെട്ടിയോനില്ലേ അവനെ ഞാനിതു പോലെ ഒത്തിരി കൊണ്ട് നടന്നിട്ടുള്ളതാ …
അത് കേട്ട് അവളൊന്നു ചമ്മി കൈ പിൻവലിച്ചു.
..അല്ലച്ചാ ഞാൻ പെട്ടെന്നോർത്തില്ലാ..
..ആ എന്തിയെ.. അവനെന്തിയെ ഉറങ്ങുവാണെന്നല്ലേ പറഞ്ഞെ എന്താ ഇന്ന് പണി ഇല്ലായിരുന്നോ …
..ഇന്നില്ലായിരുന്നു..ചോറുണ്ടേച്ചു ഉറങ്ങാൻ കിടന്നതാ.ഞാൻ വിളിക്കാം..
അവളകത്തേക്കു പോയി.അജയനെ തട്ടി വിളിച്ചുണർത്തി.അകത്ത് അവനെ വിളിക്കുന്നതും അച്ഛൻ വന്നെന്നു പറയുന്നതും പെട്ടന്ന് വാ എന്നൊക്കെ പറയുന്നതും ഉമ്മറത്തിരുന്നു ശിവൻ കുട്ടി കേട്ടു. കേട്ടത് വിശ്വസിക്കാനാകാതെ അജയൻ അവളെ ചീത്ത വിളിക്കുന്നതും കേട്ടു കൂടെ അവളുടെ സംസാരവും
..നാശം പിടിക്കാൻ ദേണ്ടെ എന്നക്കൊണ്ടു ചീത്ത വിളിപ്പിക്കല്ലേ കേട്ടോ ഒന്നെണീറ്റ് വന്നേ..അച്ഛൻ ദേണ്ടെ ഉമ്മറത്തിരുന്നു കുഞ്ഞിനെ കളിപ്പിച്ചോണ്ടിരിക്കുവാ.എനിക്കെന്താ വട്ടുണ്ടോ കള്ളം പറയാൻ.എന്തൊരു ദുരിതമാ ഇത് ഇങ്ങോട്ടെഴുന്നേറ്റു വന്നേ മനുഷ്യാ …
ശിവൻകുട്ടി എല്ലാം കേട്ട് ഒരു ചെറിയ പുഞ്ചിരിയോടെ അയാൾ കുഞ്ഞിനെ ഓമനിച്ച് കൊണ്ട് കവിളിൽ മുത്തം കൊടുത്തപ്പോഴേക്കും അജയനെ ഉറക്കച്ചടവോടെ ശ്യാമ ഉന്തിത്തള്ളി ഉമ്മറത്തേക്ക് കൊണ്ട് വന്നു.ഉടുമുണ്ടു നെഞ്ചിനു തൊട്ടു താഴെ ഉടുത്തോണ്ടു അവനെ തള്ളിത്തള്ളി കൊണ്ട് വരുന്നത് കണ്ട അയാൾക്ക് ചിരി വന്നെങ്കിലും പുറത്തു കാണിച്ചില്ല.ശ്യാമ പറഞ്ഞത് സത്യാമാണെന്നു അച്ഛനെ കണ്ടപ്പോൾ അജയന് ബോധ്യമായി.പെട്ടന്നാണ് അയാൾക്ക് സ്ഥലകാല ബോധമുണ്ടായത് അടുത്ത നിമിഷം ഞെട്ടിപ്പോയ അജയൻ സത്യമാണോ എന്നറിയാൻ അച്ഛനെ ഒന്ന് സൂക്ഷിച്ചു നോക്കി.