…ചാരായമെന്നൊക്കെ കേൾക്കുമ്പോ വല്ലാത്ത ആഗ്രഹം തോന്നും പക്ഷെ വേണ്ടെടി മോളെ.ഇന്ന് സന്തോഷത്തിന്റെ ദിവസമല്ല അതു ചാരായമടിച്ചു കളയണ്ട.
..ഹഹ ഇവിടോരോരുത്തര് സന്തോഷം ഉള്ളപ്പോഴും സങ്കടം ഉള്ളപ്പോഴും കുടിക്കാനുള്ള അവസരം നോക്കി നടക്കുവാ…
…ഹഹഹ.. അതു ശരിയാ മോളെ..ചിലരിതിനു വേണ്ടിയാ ജീവിക്കുന്നത് തന്നെ.പക്ഷെ ഞാൻ അത്രയൊന്നും ഇല്ല കേട്ടോ ഒരിച്ചിരി മാത്രമേ കഴിക്കൂ.കുടിച്ചെങ്ങാനും ബോധമില്ലാതെ കെടന്നാ ആരും നോക്കാനില്ലല്ലോ അതോണ്ടാ..
അത് കേട്ട് ശ്യാമയുടെ ഹൃദയം തേങ്ങി
..അത് കുഴപ്പമില്ലച്ച.. അച്ഛൻ കുടിച്ചോ ഞങ്ങളില്ലേ നോക്കാൻ..ദേ ചേട്ടൻ കടേലൊക്കെ പോകുന്നുണ്ട് ചേട്ടന്റെ കൂടെ പോയാൽ അതു കിട്ടുന്ന സ്ഥലം കാണിച്ചു തരും.അല്ലെ ചേട്ടാ ….
ഇത് കേട്ട് ആകെ കലി തുള്ളിയ അജയൻ അച്ഛനെ നോക്കി.അച്ഛൻ നോക്കുന്നില്ലെന്നു മനസ്സിലായപ്പോ ശ്യാമയെ രൂക്ഷമായി നോക്കിയിട്ടു അവൻ ചുണ്ടുകൾ കൊണ്ട് ആംഗ്യത്തിലൂടെ ചീത്ത വിളിച്ചു.അച്ഛനിരിക്കുന്നതു കൊണ്ട് ഒരക്ഷരം മിണ്ടാനാവാത്ത ചേട്ടന്റെ അവസ്ഥ കണ്ട് അവൾക്ക് ചിരി സഹിക്കാനായില്ല.അജയനെ നോക്കി കണ്ണിറുക്കിക്കാണിച്ചിട്ടു അച്ഛൻ കാണാതെ നിനക്കിതു വേണം.. നിനക്കിതു വേണം എന്ന് അവളും ആംഗ്യത്തിലൂടെ മറുപടി കൊടുത്തു.അടുത്ത് നിന്ന് താൻ കാണാതെ രണ്ടു പേരുടെയും കയ്യാങ്കളി നടക്കുന്നത് മനസ്സിലോർത്തു പുഞ്ചിരിച്ച് കൊണ്ട് അയാൾ പറഞ്ഞു
..ആ നോക്കാമെടി മോളെ..ഡാ നീ കുടിക്കുമോടാ..
അച്ഛന്റെ ചോദ്യം കേട്ട അജയൻ ഞെട്ടിപ്പോയി അവന്റെ ഞെട്ടലും പരിഭ്രമവും കണ്ട് അവൾക്ക് ചിരി സഹിക്കാൻ വയ്യാതായി.അവൾ വാ പൊത്തി ഇച്ചിരി നേരം ശബ്ദമില്ലാതെ ചിരിച്ചിട്ട് അവനെ പ്രോത്സാഹിപ്പിച്ചു.