സംഭവം എന്താ ച്ചാ, അവക്ക് അവളുടെ സാധനം വേറെ ആരും എടുക്കുന്നത് ഇഷ്ടമല്ല… കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ അവളൊരു പുതിയ നീല ടി ഷർട്ട് കൊണ്ടുവന്നിരുന്നു.. അത് ഞാനിങ്ങ് അടിച്ചുമാറ്റി ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയി… അത് പോരാഞ്ഞിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങാൻ നേരം എടാ കൊള്ളാലോ നല്ല ടി ഷർട്ട് രണ്ടീസത്തേക്ക് ഞാനെടുക്കുവാണേ എന്ന് പറഞ്ഞ് ഫ്രണ്ട് എടുത്തോണ്ട് പോയി, അതിന്റെ പിറ്റേന്ന് ഫ്രണ്ട് കൊച്ചിയിലേക്കും പോയി…
ഇപ്പൊ എങ്ങിനിരിക്കണ്….
അതിന് ഞാനും അവളും മുട്ടൻ വഴക്ക്, അവസാനം അടിയായി അമ്മ വന്നു രണ്ടാൾക്കും ഓരോന്ന് ചന്തിക്ക് തന്നപ്പോ ആണ് അടങ്ങിയത്… അതിന്റ പിണക്കം ആണാ പൊട്ടിക്കാളിക്ക്…
പാർക്കിങ്ങിൽ നിന്ന് വണ്ടിയും എടുത്തു വേഗം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..
പണിക്കർ അങ്കിൾ എല്ലാം എപ്പഴേ വന്നിരുന്നു… ഇപ്പൊ വണ്ടി ഞങ്ങളെയും കാത്ത് നിൽക്കുവാണ്… അമ്മ വീടിന്റെ ഗേറ്റിനടുത്ത് നിൽപ്പുണ്ട്… ഞാൻ സ്കൂട്ടി മുറ്റത്തേക്ക് കേറ്റി വെച്ചു…
“ആതു… നിനക്കെന്തേലും എടുക്കാനുണ്ടേൽ വേഗം എടുത്തിട്ട് വാ… ”
അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു
“അതിന് ഞാനെങ്ങും ഇല്ല… ഞാൻ ജീനയുടെ വീട്ടിൽ നിന്നോളം… അമ്മയും മോനും കൂടങ്ങ് പോയാമതി…”
“പിന്നേ… ദേ അമ്മേ… ഇവളില്ലെങ്കി ഞാനും വരുന്നില്ല കേട്ടോ…” ഞാൻ പറഞ്ഞു…
“അതൂ തമാശ കളിക്കാൻ സമയമില്ല… ബസ്സ് നമ്മളേം കാത്ത് നിൽക്കുവാ… ”
“നമ്മളെ അല്ല… നിങ്ങളെ… ബസ്സ് നിങ്ങളേം കാത്താ നിൽക്കുന്നെ… വേഗം ചെല്ലാൻ നോക്ക്…”