കളരിക്ക് തമ്പുരാട്ടി ഇക്കരയിൽ നിന്നും ഇറങ്ങരുത് .
പകരം ആരെ വേണമെങ്കിലും ഇറക്കാം .
അതിന് നടത്തിപ്പുകാരായ നിങ്ങൾ എന്തെങ്കിലും ഉപായം കാണണം .
തമ്പുരാട്ടി എന്ത് വന്നാലും കളരി മുറ്റത്ത് ഇറങ്ങരുത് .
ഇതായിരുന്നു അക്കരക്കാരുടെ ഡിമാൻൻ്റ് .
കളരി നടത്തിപ്പുകാരിൽ മുൻപിൽ നിന്ന തമ്പുരാട്ടിയുടെ അമ്മ വീട്ടുകാർ പോലും അക്കരക്കാരുടെ പണം വാങ്ങി അതിന് കൂട്ടുനിന്നു എന്നതായിരുന്നു ആശ്ചര്യം ,
ഒരു പെണ്ണിൻ്റെ ശക്തിയേയും ചങ്കൂറ്റത്തേയും നേതൃത്ത്വത്തേയും ഭയക്കുന്ന പുരുഷ കോന്തൻമാരായിരുന്നു അക്കരയിലും ഇക്കരയിലും അധികവും .
തമ്പുരാട്ടിയുടെ സ്ത്രീ മേൽകോയ്മ തോറ്റ് കാണാനും തമ്പുരാട്ടിക്ക് അംഗവൈകല്യം വന്ന് പുരുഷാധിപത്യം നാട്ടിൽ വരാനും നാട്ടിലെ മുതിർന്ന കാരണവൻമാർ ആഗ്രഹിച്ചതിൽ തെറ്റൊന്നും പറയാനൊക്കില്ല .
പക്ഷേ ദേവി തമ്പുരാട്ടിയോട് ഓച്ചാനിച്ച് നിൽക്കാൻ തന്നെ പിടുക്ക് വിറക്കുന്ന പുരുഷ നിർഗുണൻമാർക്ക് തമ്പുരാട്ടി കളരിയിൽ താറണിഞ്ഞ് മുളയുമേന്തി ഇറങ്ങാതിരിക്കാൻ എന്ത് ചെയ്യും എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടിയിരുന്നില്ല .
എട്ട് ആണുങ്ങളെ ഒറ്റക്ക് നേരിട്ട് മർമത്തിൽ കുത്തി വീഴ്തുന്ന തമ്പുരാട്ടിയെ കൂലിക്ക് ആളെ വിട്ട് ഇരുട്ടടി അടിക്കാൻ വരെ ആളെ കിട്ടിയിരുന്നുമില്ല .
തമ്പുരാട്ടിയെ നേരിടാൻ ഞങ്ങളില്ലെ . ഞങ്ങൾക്ക് കുറച്ച് നാളു കൂടി തണ്ടും തടിയോടെയും ജീവിക്കണം എന്നുണ്ട് .
ഇതാണ് നാട്ടിലെ പഴയ കാലത്തെ കൊട്ടേഷൻ ഗാങ്ങ് കളരി നടത്തിപ്പുകാരായ കാരണവൻമാർക്ക് കൊടുത്ത മറുപടി .