അവൾ പറഞ്ഞു
‘എന്ത് മോശക്കാരി ആയെന്നാ.. ആരും നിന്നെ അങ്ങനെ ഒന്നും കാണുന്നില്ല. നിനക്ക് തോന്നുന്നതാ…’
‘നീ വെറുതെ പറയണ്ട. എനിക്ക് അറിയാം.. എല്ലാവരുടെയും മുഖം ഞാൻ ശ്രദ്ധിച്ചു…’
‘നീതു പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എല്ലാവരും വണ്ടർ അടിച്ചു. അതേ ഉള്ളു.. അല്ലാതെ നിന്നെ ആരും ഇതിന്റെ പേരിൽ കുറ്റപ്പെടുത്താൻ ഒന്നും പോണില്ല..’
ഞാൻ പറഞ്ഞു
‘പക്ഷെ എല്ലാരുടെയും ഉള്ളിൽ ഉണ്ടാവുമല്ലോ.. അതില്ല എന്ന് നീ പറയരുത്..’
‘അവരുടെ ഉള്ളിൽ ഉണ്ടേൽ നിനക്ക് എന്ത് ഉണ്ടയാ.. അവരോട് ഒക്കെ പോകാൻ പറ.. ഞാൻ ഇല്ലേ നിന്റെ കൂടെ.. അത് പോരേ..?
ഞാൻ അവളുടെ രണ്ട് കവിളിലും കൈ വച്ചു കൊണ്ട് അവളെ ആശ്വസിപ്പിച്ചു..
അപ്പോളേക്ക് അവളൊന്ന് തണുത്തത് പോലെ തോന്നി. കുറച്ചു നിർബന്ധിച്ചു ആണേലും അവളെ ഞാൻ താഴേക്ക് കൊണ്ട് പോയി. അവിടെ ഫുഡ് കൊടുക്കാൻ തുടങ്ങിയിരുന്നു. ഇഷാനി നീതുവിന്റെ കൂടെ ഇരിക്കുന്നത് ഞാൻ കണ്ട്. കൃഷ്ണയ്ക്ക് ഒറ്റപ്പെടൽ ഫീൽ ആകാതെയിരിക്കാൻ ഞാൻ അവളുടെ കൂടെ ഇരുന്നു.. ഫുഡ് കഴിച്ചു കഴിഞ്ഞു ഇഷാനിയെ തനിയെ ഒന്ന് കണ്ട് സംസാരിക്കണം എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഒടുവിൽ ഞങ്ങളുടെ ക്ലാസ്സിലേക്ക് പോകുന്ന പടവുകളിൽ വച്ചു എനിക്ക് അവളെ തനിച്ചു കിട്ടി..
‘ഹാപ്പി ആയോ ഇപ്പോൾ..?
ഞാൻ ചോദിച്ചു
‘എന്തിന്..?
അവൾ തിരിച്ചു ചോദിച്ചു
‘എല്ലാവരും സത്യം അറിഞ്ഞതിൽ.. ഇനി നിന്നെ ആരും കളിയാക്കിലല്ലല്ലോ..’
‘അവൾക്ക് സോറി പറയാൻ ആണേൽ എന്നോട് പേർസണലി വന്നു പറഞ്ഞാൽ മതിയായിരുന്നു. ഇത് ചുമ്മാ എല്ലാവരുടെയും മുന്നിൽ വച്ചൊക്കെ.. പാവം ഉണ്ട്..’