എന്തായാലും അതോടെ ഇഷാനിയുടെ മനോഭാവത്തിൽ ചെറിയൊരു മാറ്റം ഒക്കെ ഉണ്ടായി. മുഖത്തു പോലും നോക്കാതെ നടക്കുന്ന അവൾ തമ്മിൽ കാണുമ്പോ ഒക്കെ ചെറിയൊരു ചിരി നൽകി മറയും. ഇടയ്ക്ക് ഒന്നോ രണ്ടോ വട്ടം ചെറുതായ് മിണ്ടുകയും ചെയ്തു.. ഒരുപാട് നേരമൊന്നും സംസാരിച്ചില്ല എങ്കിലും എനിക്ക് അപ്പോൾ അതൊക്കെ വലിയ കാര്യമായി തോന്നി…
ദിവസങ്ങൾ അങ്ങനെ കടന്നു പോയി.. എന്റെ ദേഹത്തെ മുറിവുകൾ ഒക്കെ ഭേദപ്പെട്ടു.. നെറ്റിയിൽ പാട് ഇപ്പോളും ചെറുതായ് ഉണ്ട്.. ആ വശത്തേക്ക് മുടി വകഞ്ഞിട്ടാൽ അത് മറയ്ക്കാം.. അന്ന് തല്ലാൻ വന്നവരെ പറ്റി ഇതിനിടയിൽ എല്ലാം ഞാനും ഫൈസിയും അന്വേഷിക്കുന്നുണ്ടായിരുന്നു എങ്കിലും അവരെ കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. പിന്നീട് എന്തായാലും എനിക്ക് നേരെ അങ്ങനെ ഒരു ആക്രമണം ഉണ്ടായില്ല. ഫൈസിക്ക് നേരെയും… അങ്ങനെ ലൈഫിൽ വലിയ ഗുലുമാൽ ഒന്നും ഇല്ലാതെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. കോളേജ് അവസാനിക്കാറായി.. കഷ്ടിച്ച് ഒരു മാസം പോലും ഇനി ക്ലാസ്സ് ഉണ്ടാവില്ല. ഞാൻ ഇപ്പോളെ അതോർത്തു ദുഖിക്കാൻ തുടങ്ങി.. ഇഷാനിയെ മിസ്സ് ചെയ്യും എന്നതായിരുന്നു അതിൽ ഏറ്റവും വലിയ വിഷമം. ഇടയ്ക്ക് ഞാനും കൃഷ്ണയും ഗ്രൗണ്ടിന്റെ പടവുകളിൽ പോയി ഇരിക്കും.. ഇപ്പോൾ അവൾക്കും കോളേജ് വിട്ടിറങ്ങാൻ പോകുന്നതിന്റെ വിഷമം അറിയാൻ പറ്റുന്നുണ്ട്. കഴിഞ്ഞ കൊല്ലം ഈ സമയം ലച്ചു അത് പറഞ്ഞപ്പോ പുച്ഛിച്ച കൃഷ്ണ ഇപ്പോൾ അതേ സ്‌ഥലത്തു ഇരുന്നു കണ്ണ് നിറയ്ക്കുന്നത് ഞാൻ കണ്ടു.. എനിക്ക് ഇഷാനിയെ ആയിരിക്കും മിസ്സ് ചെയ്യുന്നത് എങ്കിൽ കൃഷ്ണയ്ക്ക് എന്നെ ആയിരിക്കും.. അത് അവൾ എന്നോട് പറയുകയും ചെയ്തു.. ഇതേ പോലെ ഇഷാനി എന്നെ മിസ്സ് ചെയ്യുമോ ആവൊ…?