കോളേജിൽ ചെന്നപ്പോ മുതൽ ഒരുപാട് പേര് ഇങ്ങോട്ട് വന്നു എങ്ങനെ ഉണ്ടെന്ന് ഒക്കെ ചോദിച്ചു.. എന്റെ അപകടത്തിൽ ഒരുപാട് പേര് കൺസെൺ ആയതിൽ എനിക്ക് സന്തോഷം ഉണ്ടെങ്കിലും എല്ലാവരോടും ഒരേ മറുപടി പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.. ക്ലാസ്സിൽ തന്നെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു.. കോളേജിൽ പഴയത് പോലെ കറങ്ങി നടന്നാൽ എല്ലാ ഡിപ്പാർട്മെന്റ് ഉള്ള കമ്പിനിക്കാരോടും എല്ലാം വിസ്ത്തരിക്കേണ്ടി വരും..
രാവിലെ വന്നപ്പോൾ തന്നെ കൃഷ്ണ എന്റെ നോട്ട് എല്ലാം കൊണ്ട് വന്നു തന്നു.. വലതു കൈക്ക് പരിക്ക് ഇല്ലാത്തത് കൊണ്ട് എനിക്ക് നോട്ട് എഴുതാൻ പ്രശ്നം ഒന്നുമില്ല.. ആ സമയത്താണ് ഇഷാനി ക്ലാസ്സിലേക്ക് വരുന്നതും.. വന്ന ഉടൻ പതിവ് പോലെ സ്വന്തം ബെഞ്ചിലേക്ക് പോകാതെ അവൾ ഞാനും കൃഷ്ണയും ഇരിക്കുന്ന പിന്നിലെ ബെഞ്ചിലേക്ക് വന്നു..
‘ഇപ്പോൾ എങ്ങനെ ഉണ്ട്…?
കൃഷ്ണ ഇരിക്കുന്നത് കാര്യമാക്കാതെ അവൾ എന്നോട് ചോദിച്ചു
‘ഇപ്പോൾ പ്രശ്നം ഒന്നുമില്ല.. ഈ കെട്ടൊക്കെ ഒന്ന് അഴിച്ചാൽ മതി…’
ഞാൻ അവളോട് പറഞ്ഞു.. പെട്ടന്ന് ഇഷാനി ഇങ്ങോട്ട് വന്നു മിണ്ടിയതിൽ കൃഷ്ണ അന്തം വിട്ടു ഇരിക്കുകയാണ്..
‘എങ്ങനെ വന്നു…?
ഇഷാനിക്ക് എന്ത് ചോദിക്കണം എന്ന് വലിയ പിടി ഒന്നുമില്ലായിരുന്നു.. അർജുനോട് സംസാരിക്കാൻ അവൾ ബുദ്ധിമുട്ടുന്നു..
‘വണ്ടി രാഹുലിന്റെ കയ്യിലാ.. അവൻ വീട്ടിൽ വന്നു പിക്ക് ചെയ്തു…’
ഞാൻ പറഞ്ഞു
പിന്നെ ഒന്നും ചോദിക്കാൻ ഇഷാനിക്ക് മനസിൽ തെളിഞ്ഞു വന്നില്ല.. ശരിയെന്ന മട്ടിൽ ചെറുതായ് ഒന്ന് ചിരിച്ചിട്ട് അവൾ സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി.. കൃഷ്ണ മാത്രം അല്ല ക്ലാസിൽ പലർക്കും ഇഷാനി വന്നു മിണ്ടിയത് ഒരു അത്ഭുതം ആയിരുന്നു.. ഞങ്ങൾ മാസങ്ങൾ മുമ്പ് പിണങ്ങിയിട്ട് ഇപ്പോളാണ് അവരെല്ലാം മിണ്ടി കാണുന്നത്.. പലരും എന്നെ കണ്ണിറുക്കി ചിരിച്ചു കാണിച്ചു. കൃഷ്ണയുടെ മുഖം ആണേൽ അല്പം ആസ്വസ്‌ഥമായിരുന്നു..