‘ഇത് നല്ല മുറിവ് ഉണ്ടല്ലോ….?
ഇഷാനിക്ക് അവന്റെ മുറിവിൽ, അവന്റെ മുഖത്ത് ഒന്ന് തലോടണം എന്നുണ്ടായിരുന്നു.. പക്ഷെ എന്തോ അവളത് ചെയ്തില്ല. അവളുടെ കൈകൾ ചലിച്ചില്ല
‘ഇതോ…? ഇത് ഒരാഴ്ച പോലും വേണ്ട മാറാൻ.. ഇപ്പോൾ ചെറിയ വേദന ഉണ്ട് ദേഹം അനങ്ങുമ്പോ.. അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല..’
‘ഞാൻ.. ഞാൻ ഇന്നലെ വന്നിരുന്നു.. ഹോസ്പിറ്റലിൽ.. നീ അപ്പോളേക്ക് പോയി…’
ഇഷാനി ഒരു കള്ളം പറഞ്ഞു. അവിടെ വന്നിട്ടും കൃഷ്ണ ഉള്ളത് കൊണ്ടാണ് താൻ കാണാൻ കൂട്ടാക്കാഞ്ഞത് എന്ന് അവൾ പറഞ്ഞില്ല..
‘നീ വിളിച്ചു അന്വേഷിച്ചു എന്ന് അവൻ പറഞ്ഞിരുന്നു..’
അത് പറയുമ്പോളും അവന്റെ മുഖത്ത് വലിയ സന്തോഷം ഉണ്ടായിരുന്നു
‘ഞാൻ രാവിലെ വീട്ടിലും പോയിരുന്നു.. അവിടെ.. അവിടെയും കാണാഞ്ഞിട്ട് അവനെ വിളിച്ചപ്പോ ആണ് ഇവിടെ ആണെന്ന് അറിഞ്ഞേ..’
‘ആഹാ നീ അവിടെ പോയിട്ടാണോ ഇങ്ങോട്ട് വന്നെ.. നീ വന്നു തിരക്കാൻ മാത്രം അപകടം ഒന്നും ഇല്ലെടോ.. കണ്ടില്ലേ.. ‘
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘ആട്ടെ ഇവിടോട്ട് വരാൻ കുറെ കറങ്ങിയോ..? വഴി നിനക്ക് അറിയില്ലാരുന്നല്ലോ..’
‘ഓട്ടോ സ്റ്റാൻഡിൽ ചോദിച്ചപ്പോൾ അറിയാമായിരുന്നു. അവര് വാതുക്കൽ കൊണ്ട് ഇറക്കി..’
ഇഷാനി പറഞ്ഞു
‘ഹാ അച്ഛന്റെ പേര് പറഞ്ഞാൽ ഇവിടെ ഒക്കെ എല്ലാവർക്കും അറിയാം..’
അപ്പോളേക്കും അടുക്കളയിൽ നിന്നും ഒരു ചേച്ചി രണ്ട് പേർക്കും ജ്യൂസുമായി എത്തി.. അത് കുടിച്ചു രണ്ട് പേർക്കിടയിലും ഒരു മൗനം കടന്നു വന്നപ്പോൾ ആണ് രഘുനാഥ് അവിടേക്ക് വരുന്നത്