ആ വെപ്രാളത്തിൽ മിസ്സിനോട് അനുവാദം ചോദിക്കാൻ പോലും അവൾ മറന്നു. ദിവ്യ മിസ്സും പിള്ളേരും ഇവൾ എന്താ ഈ കാണിച്ചത് എന്നറിയാതെ കണ്ണ് മിഴിച്ചു നിന്നു.. ക്ലാസ്സിലെ ലോക ഉഴപ്പൻ ആയ ശരത് പോലും ടീച്ചർമാർ കാൺകെ ക്ലാസിൽ നിന്ന് ഇറങ്ങി പോയിട്ടില്ല..
‘അവൾക്ക് എന്ത് പറ്റി…?
മിസ്സ് കാര്യം അറിയാൻ പിന്നിൽ ഇരുന്ന ഫാത്തിമയോട് കാര്യം തിരക്കി
‘അ.. അറിയില്ല… നല്ല തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു….’
ഫാത്തിമ അങ്ങനെ പറഞ്ഞു
മിസ്സ് അത് എന്തായാലും വിശ്വസിച്ചു.. ഇഷാനി ക്ലാസ്സ് ഒന്നും ഒരിക്കലും കട്ട് ചെയ്യാത്ത കുട്ടി ആയതിനാലും നല്ലത് പോലെ പഠിക്കുന്ന കുട്ടി ആയതിനാലും മനഃപൂർവം അവൾ തന്നെ അപമാനിച്ചത് അല്ലെന്ന് മിസ്സിന് തോന്നി.. അവളുടെ വിചിത്രമായ പെരുമാറ്റം മിസ്സിൽ ഒരു പുഞ്ചിരി സൃഷ്ടിച്ചു.. മിസ്സ് ക്ലാസ്സ് തുടർന്നു…
ഞാൻ ആണേൽ ഈ സമയം ഹോസ്പിറ്റലിൽ മുറിവ് ഡ്രസ്സ് ചെയ്തു ശോകം ആയി കിടക്കുകയിരുന്നു.. അടി കിട്ടിയത് അല്ല എനിക്ക് വിഷമം ഉണ്ടാക്കിയത്.. ഇതെങ്ങെനെയോ വീട്ടിൽ അറിഞ്ഞിരിക്കുന്നു.. എങ്ങനെ എന്ന് ഒരു പിടിയും ഇല്ല.. ആക്‌സിഡന്റ് ആണെന്നാണ് ഭാഗ്യത്തിന് അവര് അറിഞ്ഞത്.. മഹാൻ ഇപ്പോൾ വരുമെന്ന് വിളിച്ചു പറഞ്ഞു വച്ചതെ ഉള്ളു.. അവരെയും കുറ്റം പറയാൻ കഴിയില്ല.. ആക്‌സിഡന്റ് എന്ന് കേൾക്കുമ്പോ ഞങ്ങൾക്ക് എല്ലാം ഇപ്പോൾ വലിയ ഭയമാണ്.. അത് എത്ര ചെറുതാണേൽ കൂടി…
രാഹുലും ആഷിയും വന്നിട്ട് തിരിച്ചു പോയി.. എല്ലാരും കൂടി വട്ടം നിൽക്കുമ്പോ എനിക്കെന്തോ മാരക അപകടം പിണഞ്ഞത് പോലെ എനിക്ക് തന്നെ തോന്നും.. കൃഷ്ണയോട് പോകാൻ പറഞ്ഞിട്ട് പോകുന്നുമില്ല.. അവൾ എനിക്കെന്തോ വലിയ അപകടം വന്നത് പോലെ ആകെ പേടിച്ചു ഇരിക്കുകയാണ്.. ഞങ്ങൾ രണ്ട് പേരും ബെഡിൽ ഇരിക്കുമ്പോ ആണ് ദേവരാജൻ അങ്കിൾ അവിടേക്ക് വന്നത്.. അങ്കിളിനെ ഞാൻ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല.. അങ്കിളിന്റെ കൂടെ ഒരു താടിക്കാരനും ഉണ്ടായിരുന്നു