‘പേടിക്കണ്ട…’
ആ കൊക്കയുടെ ചെരുവിൽ നിന്ന് ഞാൻ എങ്ങെനെയോ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ അതത്ര ഫലം കണ്ടില്ല..
‘താഴേക്ക് നോക്കണ്ട.. ഇങ്ങോട്ട് നോക്ക്.. എന്നെ നോക്ക്…’
ഞാൻ പറഞ്ഞു. താഴേക്ക് നോക്കി വെറുതെ പേടിക്കരുത് എന്ന് കരുതി ഞാൻ അങ്ങനെ പറഞ്ഞു. അവളത് പോലെ തന്നെ ചെയ്തു. താഴെയുള്ള മരണത്തിലേക്ക് അവൾ നോക്കിയില്ല. ഒന്നും വക വയ്ക്കാതെ തന്നെ രക്ഷിക്കാൻ ഇറങ്ങി വന്ന രക്ഷകന്റെ മുഖത്തേക്ക് അവൾ നോക്കി. പ്രതീക്ഷയിലേക്ക് അവൾ നോക്കി..
കാഷായം ആണ് വസ്ത്രം. പക്ഷെ സ്വാമി ആണെന്ന് തോന്നുന്നില്ല. താടിയും മുടിയും ഒക്കെ അത്യാവശ്യം ഉണ്ട്. കണ്ണുകളിൽ കനിവ് ഉണ്ട്.. കഴുത്തിൽ ഒരു രുദ്രാക്ഷവും.. സന്യാസിയുടെ ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിട്ടും അത് സന്യാസി അല്ലെന്ന് തന്നെ ഇഷാനിക്ക് തോന്നി. താഴേക്ക് നോക്കിയാൽ പേടിക്കുമെന്നുള്ളത് കൊണ്ട് ആ മുഖത്തേക്ക് തന്നെ ഇഷാനി നോക്കി.. ഒരിക്കലും മറക്കാൻ പറ്റാത്ത വിധം അവളുടെ മനസ്സിൽ ആ മുഖം പതിയാൻ തുടങ്ങി
ഞാൻ ആ സമയം എങ്ങനെ ഇവളെയും കൊണ്ട് മുകളിലേക്ക് കയറാമെന്ന് ആലോചിക്കുക ആയിരുന്നു. മുകളിൽ നിന്ന് ആളുകൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. പക്ഷെ ഒന്നും മനസിലാകുന്നില്ല.. ഞാൻ അവളെ പിടിച്ച കൈ മെല്ലെ മുകളിലേക്ക് ഉയർത്തി. ഒറ്റ കൈ കൊണ്ട് അവളെ ഉയർത്തി എന്റെ അടുത്ത് എത്തിക്കാൻ നല്ല പ്രയാസം തോന്നിയെങ്കിലും ഞാൻ അത് സാധിച്ചെടുത്തു.. അവളപ്പോൾ എന്നോട് ചേർന്നു ആ പാറയുടെ വക്കിൽ നിൽക്കുകയാണ്. നിലത്ത് കാൽ വയ്ക്കാൻ എനിക്ക് മാത്രമേ ഇട ഉള്ളായിരുന്നു എന്നത് കൊണ്ട് എന്റെ കാലിന്മേൽ ആണ് അവൾ കാൽ വച്ചത്.. അവൾ പിന്നിലേക്ക് മറിയാതെ ഇരിക്കാൻ ഞാൻ കൈ കൊണ്ട് അരയിൽ ചുറ്റിപ്പിടിച്ചിരുന്നു.. അവളുടെ സമൃദ്ധമായ മുടിയിൽ എന്റെ വിരലുകൾ തൊട്ടു..