എനിക്ക് തൊട്ട് താഴെ ആണ് ആ പെൺകുട്ടി. കയ്യൊന്ന് താഴേക്ക് നീട്ടിയാൽ ചിലപ്പോ അവളെ തൊടാം.. ഞാൻ ഒരു കൈ വേരിൽ പിടിച്ചിട്ട് മറു കൈ അവളിലേക്ക് നീട്ടി.. അപ്പോളാണ് അവളുടെ മുഖം ഞാൻ കണ്ടത്.. അവൾ സുന്ദരി ആയിരുന്നു.. ഇത്രയും സുന്ദരി ആയ ഒരുവളെ മനസിൽ പതിച്ചു വയ്ക്കാൻ എനിക്ക് എന്ത് കൊണ്ട് സാധിച്ചില്ല.. എന്ത് കൊണ്ട് ഇവളുടെ മുഖം ഞാൻ മറന്നു.. ഒന്നുകിൽ ആ സാഹചര്യത്തിൽ ഞാൻ അതത്ര ഗൗനിച്ചിരിക്കില്ല. രണ്ടാമത് അവളാന്നൊരു കുട്ടി ആയാണ് എനിക്ക് തോന്നിയത്. ചിലപ്പോ അതാകാം കാരണം. ഇപ്പൊ ഓർക്കുമ്പോ ആ മുഖം എന്റെ മനസിൽ നല്ലത് പോലെ തെളിഞ്ഞു വന്നു.. അത് ഇഷാനി തന്നെ ആണ്.. എന്റെ ഇഷാനിക്കുട്ടി..
ഞാൻ അവൾക്കായ് നീട്ടിയ കയ്യിൽ അവളെങ്ങനെയോ കൈ എത്തിച്ചു. ജീവിതത്തിനും മരണത്തിനും ഇടയിൽ കാലൊന്ന് ഉറപ്പിച്ചു വയ്ക്കാൻ മാത്രം ഇടമുള്ള പാറയുടെ പടവിൽ നിന്ന് ഞങ്ങളുടെ പാണിഗ്രഹണം….!
ആ കയ്യിൽ പിടിച്ചു ഞാൻ അവളെ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചു.. കുറച്ചു ബുദ്ധിമുട്ട് ആണ്. ഞാൻ ബലം കൊടുത്ത വേര് അടർന്നു പോകുമോ എന്നും എനിക്ക് പേടിയുണ്ട്.. എന്റെ കയ്യിൽ പിടിച്ചു പേടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന പട്ട്പാവാടക്കാരിയെ ഞാൻ നോക്കി. താഴേക്ക് നോക്കുമ്പോ ഉള്ള തല കറങ്ങി പോകുന്ന താഴ്ച്ച കണ്ട് അവളാകെ പരിഭ്രമിച്ചിരിക്കുന്നു…
‘എനിക്ക് പേടിയാ….’
അവൾ കരയുന്നത് പോലെ പറഞ്ഞു… അന്ന് അവളെ ഡിപ്പാർട്മെന്റിന്റെ വരാന്തയിൽ വച്ചു നൂനു ഓടിച്ചു കൊണ്ട് വന്നപ്പോൾ എന്നോടവൾ ആദ്യമായി മിണ്ടിയതും ഇത് തന്നെ ആയിരുന്നു. അവൾക്ക് പേടി ആണെന്ന്…