എനിക്ക് ഓർമ്മ വന്നിരുന്നു. ആ സംഭവം ഞാനൊരിക്കലും മറക്കില്ല. പക്ഷെ ആ കുട്ടി.. അത്.. അത് ഇഷാനി ആയിരുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല
‘അത് ഞാനൊരിക്കലും മറക്കില്ല.. പക്ഷെ നീയാണ് അതെന്ന് എനിക്ക് ഒരിക്കലും മനസിലായില്ല…’
ഞാൻ പറഞ്ഞു
‘അന്ന് ഞാൻ കുറച്ചു ചെറുത് അല്ലേ.. നീ പിന്നെ എന്നെ കാണുന്നത് കുറച്ചു വർഷം ഒക്കെ കഴിഞ്ഞും. പിന്നെ എനിക്ക് അന്ന് നല്ല മുടിയും ഉണ്ടായിരുന്നു…’
ഇഷാനി പറഞ്ഞു..
‘അതെ.. മുടി ഉണ്ടായിരുന്നു.. ഞാൻ നിന്നെ ലോങ്ങ് ഹെയറിൽ കണ്ടിട്ടുണ്ട് അപ്പോൾ…’
ഞാൻ അവളുടെ തോളിനൊപ്പം വെട്ടി നിർത്തിയ ഷോർട് ഹെയറിൽ കൈ കടത്തി പറഞ്ഞു…
ഈ സംഭവം ഞാനൊരിക്കലും മറക്കാത്ത ഒന്നാണ്. പക്ഷെ ഞാൻ അത് പിന്നീട് ഓർക്കറിയില്ലായിരുന്നു എന്നതാണ് സത്യം. ജീവിതം അവസാനിപ്പിക്കാൻ ആണ് ഞാൻ ആ അമ്പലത്തിന്റെ മേലെ കയറിയത്.. അവിടെ നിന്നും ആരുടെയോ വാക്കിന്റെ പുറത്ത് ഞാൻ ആ തീരുമാനം മാറ്റി. അതാരാണ് എന്ന് പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല. അങ്ങനെ ഒരാൾ ശരിക്കും അവിടെ ഉണ്ടായിരുന്നോ അതോ എന്റെ വെറും തോന്നൽ ആയിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല. ആത്മഹത്യാ ചിന്ത വെടിഞ്ഞു ശൂന്യമായ മനസോടെ ഞാൻ മലയിറങ്ങി.. മല ഇറങ്ങി കുറച്ചു ആയപ്പോൾ ആണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾ കൊക്കയുടെ ചെരുവിൽ കെട്ടി നിർത്തിയ വേലി പൊളിച്ചു താഴേക്ക് വീണത്.. അവിടേക്ക് വീണവരിൽ ഒരാൾ ഞാൻ ആയിരുന്നു.. പെട്ടന്നുള്ള എന്തോ ഒരു തള്ളിൽ ഞാൻ അവിടേക്ക് തെറിച്ചു വീണു. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു മല കയറി ആ തീരുമാനം തിരുത്തി മലയിറങ്ങിയ ഞാൻ അപകടത്തിൽ പെട്ട് അവിടുന്ന് തന്നെ വീണു മരിക്കാൻ പോകുന്നു.. പെട്ടന്ന് ജീവിതത്തിന്റെ തമാശയിൽ എനിക്ക് ഉള്ളിൽ ചിരിയാണ് വന്നത്. പക്ഷെ ജീവിതം ഞാൻ ഊഹിച്ചതിലും വലിയ തമാശക്കാരൻ ആയിരുന്നു. അവിടെ വീണിട്ട് എനിക്കൊന്നും പറ്റിയില്ല. അത്ര വലിയ ചെരിവിൽ അല്ല വീണത് എന്നുള്ള കൊണ്ട് തിരിച്ചു മുകളിലേക്ക് നടന്നു കയറാനും എനിക്ക് പറ്റി..