ഞാൻ അങ്ങനെ ഒക്കെ കരുതി.. അവിടെ ചെന്നതിന്റെ മൂന്നാം നാൾ വൈകിട്ട് അവളെന്നെ വിളിച്ചു. എന്റെ ശബ്ദം കേട്ടതും ഇഷാനി കരയാൻ തുടങ്ങി.. ആദ്യം അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ എന്നോർത്താണ് എനിക്ക് ടെൻഷൻ വന്നത്. പക്ഷെ അവൾ എന്നെ മിസ്സ് ചെയ്തത് കൊണ്ടായിരുന്നു കരഞ്ഞത്. അവൾക്ക് അങ്ങനെ ഒന്നുമില്ല എന്ന് കരുതിയത് എന്റെ തെറ്റാണ്… ശിവാനി എപ്പോളും അവളുടെ കൂടെ ഉള്ളത് കൊണ്ട് അവൾക്ക് ശരിക്കും എന്നോട് സംസാരിക്കാൻ കഴിയില്ലായിരുന്നു. ഇന്ന് അവളെ ശ്രുതി നിർബന്ധിച്ചു അവരുടെ വീട്ടിലേക്ക് കിടക്കാൻ കൊണ്ട് പോയത് കൊണ്ട് ഇഷാനിക്ക് ഒരു പ്രൈവസി കിട്ടി. അപ്പോളാണ് അവൾക്ക് നേരെ എന്നോട് സംസാരിക്കാനും പറ്റിയത്. സംസാരം ആയിരുന്നില്ല പകുതിയും കരച്ചിൽ ആയിരുന്നു.. എനിക്കും സങ്കടം നല്ലത് പോലെ വന്നെങ്കിലും ഞാൻ കരഞ്ഞില്ല.
ഇനി തമ്മിൽ കാണാൻ ദിവസങ്ങൾ എടുക്കുമെന്ന് ഞങ്ങൾ സ്വന്തം മനസിനെ പറഞ്ഞു പഠിപ്പിച്ചു. ഇടയ്ക്ക് ഇത് പോലെ കിട്ടുന്ന ഫോൺ വിളികൾ ആയിരുന്നു ഏക ആശ്വാസം. കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഞങ്ങൾ ടെക്സ്റ്റ് ചെയ്യൽ ആയിരുന്നു കൂടുതലും.. അവൾ പോയി തനിച്ചു ആയതോടെ വാടക വീട്ടിലെ താമസം ഞാൻ അവസാനിപ്പിച്ചു. ഞാൻ അച്ഛന്റെ ഒപ്പം വീട്ടിലേക്ക് താമസം മാറ്റി. അവിടെ ഞാൻ കയറാതെ കിടന്ന എന്റെ മുറിയിലേക്ക് ഞാൻ മാറി
ദേവരാജന്റെ മരണം അച്ഛനെ തളർത്തിയിരുന്നു. എന്റെ സാമീപ്യം അത് മാറ്റിയെടുത്തു. ഞാനോ മഹാനോ അതിനെ കുറിച്ച് പിന്നീട് അച്ഛനോട് സംസാരിച്ചില്ല. ഓഫിസിൽ പോകുന്നത് ഞാൻ ഒരു പതിവാക്കി. ഇനി മുന്നോട്ടുള്ള ഒരു ദിനചര്യ ആയിരിക്കുമല്ലോ ഇത്. ഓഫിസ് കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തു. ഇതിനിടയിൽ ഇഷാനിയെ ഒന്ന് രണ്ട് വട്ടം കാണാൻ സാധിച്ചു. ശിവാനിയുടെ എന്ട്രന്സ് ന്റെ ഭാഗമായി അവൾ എറണാകുളം വന്നപ്പോൾ ആയിരുന്നു അത്. ശിവാനി കൂടെ ഉള്ളത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഒരുപാട് നേരം ചിലവഴിക്കാൻ കഴിഞ്ഞില്ല..