ഇഷാനിക്ക് മുമ്പ് ആക്‌സിഡന്റ് ആയപ്പോൾ അർജുൻ സഹായത്തിനു വേണ്ടി കൊണ്ട് വന്നതായിരുന്നു ലേഖ ചേച്ചിയെ. ചേച്ചിയെ പിന്നെ ഇന്നാണ് ഇഷാനി കാണുന്നത്
‘അമ്മ രണ്ടാമത് ഓപ്പറേഷന് വേണ്ടി അഡ്മിറ്റ് ആയപ്പോൾ ഞാനാണ് ചേച്ചിയെ ഇവിടെ ഒരു ഹെല്പിന് കൊണ്ട് നിർത്തിയത്.. ഇവൾക്ക് ആണേൽ ക്ലാസ്സും എക്സാമും എല്ലാം ഉള്ളോണ്ട് ഇവിടെ ആരെങ്കിലും എപ്പോളും വേണമല്ലോ..’
ഞാൻ പറഞ്ഞു
‘ചേച്ചി.. ദേ ഇതാരാ വന്നതെന്ന് നോക്കിയേ…’
ലേഖ ചേച്ചി അപ്പോൾ ഇഷാനിയുടെ അമ്മായുടെ മുഖത്ത് പതിയെ തൊട്ട് കൊണ്ട് പറഞ്ഞു. അവരുടെ കണ്ണുകൾ മെല്ലെ തുറന്നു. ആ കണ്ണുകൾ ഇഷാനിയെ കണ്ടു.. അതിന് തെളിവായി അതിൽ നിന്നും കണ്ണ് നീർ താഴേക്ക് ഒലിച്ചു.. ഇഷാനിക്ക് എന്ത് ചെയ്യണം എന്ത് സംസാരിക്കണം എന്നറിയില്ലായിരുന്നു.. അവൾ പതിയെ കയ്യെടുത്തു അമ്മയുടെ കയ്യിൽ വച്ചു.. ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല.. ശിവാനിയും.. അമ്മയ്ക്ക് ഒരു ആശ്വാസത്തിന് വേണ്ടി ആണ് ഇഷാനി അങ്ങനെ ചെയ്തത്..
ഇഷാനിയും അമ്മയും ഏറെ നേരം ഒന്നും സംസാരിക്കാതെ തമ്മിൽ നോക്കി ഇരുന്നു. ലേഖ ചേച്ചിയും ഞാനും മാത്രമേ അവിടെ എന്തെങ്കിലും സംസാരിക്കുന്നുള്ളു. ശിവാനിയോട് ഇഷാനിയോട് മിണ്ടാൻ പറഞ്ഞെങ്കിലും അവൾ എന്റെ പിന്നിൽ ഒളിച്ചു നിന്നു.. അമ്മയുടെ മുന്നിൽ വച്ചു രണ്ട് പേരും മിണ്ടണ്ട എന്ന് കരുതി ഞാൻ രണ്ടിനെയും പുറത്തേക്ക് കൊണ്ട് പോയി.. ആശുപത്രിയുടെ ആളൊഴിഞ്ഞ ഒരു ലാബിന്റെ അരികിൽ ഞങ്ങൾ എത്തി.. അപ്പോൾ ഇഷാനി ആണ് സംസാരത്തിന് തുടക്കമിട്ടത്..