‘ ഒരു തവണ മതി. അമ്മയുടെ അടുത്ത് ഒന്ന് നിന്നാൽ മതി.. സംസാരിക്കുക പോലും വേണ്ട..’
അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു
‘ശിവാനിയോട് എന്തേലും സംസാരിക്കണം.. അവൾക്ക് നിന്നെ ഭയങ്കര കാര്യമാണ്..’
‘എന്തിന്..? ഞാൻ ആരാ അതിന്റെ..? എനിക്ക് ആ കുട്ടിയെ കാണണ്ട ഇനി..’
ഇഷാനി വാശി കാണിച്ചു
‘ഇഷാ.. നിനക്ക് അമ്മയോട് ഉള്ള ദേഷ്യം എനിക്ക് മനസിലാകും. പക്ഷെ അവളോട് എന്തിനാ..? അത് വേണ്ട..’
ഞാൻ പറഞ്ഞു
‘എനിക്ക് അതിനോട് ദേഷ്യവുമില്ല. ഒന്നുമില്ല..’
ഇഷാനി പറഞ്ഞു
‘ഞാൻ അവളെ ആദ്യം എപ്പോളാണ് കാണുന്നത് എന്നറിയാമോ…?
ഞാൻ ഇഷാനിയോട് ചോദിച്ചു. അവൾ എന്റെ മുഖത്തേക്ക് നോക്കി
‘നിനക്ക് അന്ന് ആക്‌സിഡന്റ് ആയിട്ട് പിറ്റേന്ന് നിന്റെ ഡ്രസ്സ് എല്ലാം എടുക്കാൻ ആയിട്ട് ഞാൻ നിന്റെ വാടക വീട്ടിലേക്ക് ചെന്നതാണ്. അവിടെ നിന്ന് ഇറങ്ങുമ്പോ ആണ് ഓടിക്കിതച്ചു അവൾ അങ്ങോട്ട് വരുന്നത്.. ഞാൻ സത്യം പറഞ്ഞാൽ നീ ആണെന്ന് ഒരു സെക്കന്റ് കരുതി പോയി.. നിന്നെ തിരക്കി ആണ് അവൾ അങ്ങോട്ട് വന്നത്. അന്നാണ് നിന്റെ അമ്മയെ ഹോസ്പിറ്റലിൽ ആക്കിയത്.. തന്നെ എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചിട്ടാണ് അവൾ നിന്നെ തിരക്കി വന്നത്..’
ഞാൻ പറഞ്ഞു
‘അന്ന് നീ അവളെ ഇത് പോലെ പുച്ഛിച്ചു അവഗണിച്ചു വിടുമെന്നൊക്കെ അവളും മനസിൽ കരുതിയിട്ട് ഉണ്ടാവണം. എന്നിട്ടും അവൾ നിന്റെ അടുത്തേക്ക് വന്നത് അവൾക്ക് വേറെ ആരും ഇല്ലാഞ്ഞിട്ട് ആണ്.. അവളുടെ അമ്മ കൂടെ ഇല്ലാതെ ആയാൽ അവൾ ആരുമില്ലാത്തവൾ ആണ്.. ‘