‘എന്ത് പണിയാടാ കാണിച്ചത്..? ഞാനൊക്കെ ജീവനോടെ ഉള്ളപ്പോൾ നീ കണക്ക് ചോദിക്കാൻ ഇറങ്ങുന്നോ…?
‘നിങ്ങളെ ഇനിയും ഇതിലേക്ക് തള്ളി വിടാൻ… എനിക്ക് കഴിയില്ലായിരുന്നു..’
ഞാൻ പറഞ്ഞു
‘ദേ ഈ കിടക്കുന്നവനെ ഒക്കെ കണ്ടോ.. എല്ലാം ചെയ്തതിന്റെ കൂലിയാണ് ഈ കിടപ്പ്.. നാളെ ഞാനും ഇങ്ങനെ ഒക്കെ ആകും.. അത് കർഫലം.. പക്ഷെ ആ കൂട്ടത്തിലേക്ക് നീ വരാൻ പാടില്ല.. നിനക്ക് മനസ്സിലായോ…?
മഹാൻ ചോദിച്ചു
‘ആയി…’
ഞാൻ പറഞ്ഞു
‘എന്നാൽ പൊക്കോളൂ…’
മഹാൻ പറഞ്ഞു
‘മഹാൻ എങ്ങനെ…?
എനിക്ക് കുറച്ചു സംശയം കൂടി ബാക്കി ഉണ്ടായിരുന്നു
‘ഇവനേ പണ്ടേക്ക് പണ്ടേ ഞാൻ അളന്നതാ.. മനസാക്ഷി ഇല്ലാത്ത മൃഗം ആണ് ഇവനെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ അത് നമുക്ക് തന്നെ ദുരന്തം ആകുമെന്ന് ഞാൻ കരുതിയില്ല. അനിയുടെ സംഭവത്തിൽ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് ഇവനായിരുന്നു..’
ദേവരാജനെ ചൂണ്ടി മഹാൻ പറഞ്ഞു
‘പക്ഷെ നിന്റെ അച്ഛൻ ഇവനേ സ്വന്തം സഹോദരനെ പോലെ കണ്ടു. അത് കൊണ്ട് എനിക്ക് ഇത് ആരോടും പറയാൻ കഴിഞ്ഞില്ല.. വിശ്വസിപ്പിക്കാനോ സംശയം പ്രകടിപ്പിക്കാനോ എന്റെ അടുത്ത് തെളിവുകളും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അന്ന് മുതൽ എന്റെ ഒരു കണ്ണ് ഇവന്റെ കൂടെ ഉണ്ടായിരുന്നു.. മുരുകൻ…’
ആ താടിക്കാരനെ നോക്കി മഹാൻ പറഞ്ഞു.
‘ഇവനിവിടെ നിന്ന് അയാളുടെ വിശ്വാസം പിടിച്ചു പറ്റി. പക്ഷെ അപ്പോളും എന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം ഒന്നും കിട്ടിയിരുന്നില്ല. ഇന്ന് നിന്റെ വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ഇവന്റെ കോൾ വരുന്നത് വരെ… നീ ഇവിടെ എത്തി എന്ന് ഇവൻ ഇപ്പൊ വിളിച്ചു പറഞ്ഞപ്പോ ഞാൻ പാഞ്ഞു വരികയായിരുന്നു. എന്നാലും നീയെങ്ങനെ ഇതറിഞ്ഞു…?
മഹാൻ ചോദിച്ചു